Skip to content

അച്ഛന്റെ മരണത്തിന് ശേഷം രവി ശാസ്ത്രി പിന്തുണച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം മൊഹമ്മദ് സിറാജ്

ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ അച്ഛന്റെ മരണത്തിന് ശേഷം ഇന്ത്യൻ കോച്ച് തന്നെ പിന്തുണച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായാണ് സിറാജിന്റെ പിതാവ് മരണപെട്ടത്. നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടർന്ന മൊഹമ്മദ് സിറാജ് തകർപ്പൻ പ്രകടനമാണ് പരമ്പരയിൽ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്.

( Picture Source : Twitter )

ബ്രിസ്ബൻ ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ 13 വിക്കറ്റുകൾ മൂന്ന് മത്സരങ്ങളിൽ നിന്നും നേടിയ സിറാജ് ഇന്ത്യയുടെ പരമ്പര വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുൻപ് നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ മരണത്തിന് ശേഷം കോച്ച് രവി ശാസ്ത്രി പറഞ്ഞ വാക്കുകൾ മൊഹമ്മദ് സിറാജ് വെളിപ്പെടുത്തിയത്.

( Picture Source : Twitter )

” ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ എന്റെ അച്ഛനെ നഷ്ടപെട്ടപ്പോൾ രവി ശാസ്ത്രിയും ബൗളിങ് കോച്ച് ഭരത് അരുണും എനിക്ക് പിന്തുണ നൽകിയിരുന്നു. നീയീ ടെസ്റ്റ് മാച്ച് കളിക്കൂ, നിനക്ക് 5 വിക്കറ്റ് ലഭിക്കും, നിന്റെ അച്ഛന്റെ അനുഗ്രഹം നിനക്കുണ്ടാകുമെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്റെ പരിശീലകർ അത്തരത്തിൽ എന്നെ പിന്തുണച്ചതിന് ശേഷം എനിക്ക് ആത്മവിശ്വാസം കൈവന്നു. ” മൊഹമ്മദ് സിറാജ് പറഞ്ഞു.

( Picture Source : Twitter )

കഴിഞ്ഞ വർഷങ്ങളിൽ തന്നെ പിന്തുണയ്ക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയോടും മൊഹമ്മദ് സിറാജ് നന്ദി പറഞ്ഞു.

” വിരാട് കോഹ്ലി എല്ലായ്പ്പോഴും എന്നെ പിന്തുണച്ചിരുന്നു. രണ്ട് വർഷങ്ങൾക്കു മുൻപ് ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ച്ചവെച്ചപ്പോഴും അദ്ദേഹം എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എന്നെ ആർ സി ബിയിൽ അദ്ദേഹം നിലനിർത്തി, അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്. ” മൊഹമ്മദ് സിറാജ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )