Skip to content

വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം ; പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. വ്യക്തിപരമായി താരതമ്യം ചെയ്യുന്നതിൽ താല്പര്യമില്ലയെന്നും എന്നാൽ കോഹ്ലിയെ പോലെ വമ്പൻ താരങ്ങളുമായി താരതമ്യം ചെയ്യപെടുമ്പോൾ അഭിമാനമുണ്ടെന്നും ബാബർ അസം പറഞ്ഞു.

( Picture Source : Twitter )

കോഹ്ലിയെ പോലെ മൂന്ന് ഫോർമാറ്റിലും തകർപ്പൻ പ്രകടനമാണ് ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഐസിസി ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്താനും ബാബർ അസമിന് സാധിച്ചിരുന്നു. ടെസ്റ്റ് റാങ്കിങിൽ പത്താം സ്ഥാനത്തുള്ള ബാബർ ടി20 റാങ്കിങിൽ മൂന്നാം സ്ഥാനത്താണ്.

” വിരാട് കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ്. വലിയ മത്സരങ്ങളിലും എല്ലായിടത്തും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നു. ആളുകൾ ഞങ്ങളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ എനിക്ക് സമ്മർദ്ദം തോന്നാറില്ല, അഭിമാനമാണ് തോന്നുന്നത്, കാരണം അവർ എന്നെ താരതമ്യം ചെയ്യുന്നത് വലിയൊരു താരവുമായാണ്. ” ബാബർ അസം പറഞ്ഞു.

( Picture Source : Twitter )

” എന്നാൽ വ്യക്തിപരമായി അത്തരത്തിലൊരു താരതമ്യം അനാവശ്യമാണ്. എന്നാൽ ആളുകൾ അത് ചെയ്യുന്നു, എനിക്കതിൽ സന്തോഷമുണ്ട്. അതുകൊണ്ട് എന്റെ ലക്ഷ്യമെന്തെന്നാൽ അദ്ദേഹത്തെ പോലെ മികച്ച പ്രകടനം പുറത്തെടുത്ത് പാകിസ്ഥാനെ വിജയത്തിലെത്തിക്കാനാണ്. നോക്കൂ ഞങ്ങളിരുവരും വ്യത്യസ്തരാണ്. എനിക്ക് എന്റെ ശൈലിയും കോഹ്ലിയ്ക്ക് അവന്റെയും ശൈലിയുണ്ട്. അതുകൊണ്ട് തന്നെ എന്റെ കഴിവിനനുസരിച്ച് മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ” ബാബർ അസം കൂട്ടിച്ചേർത്തു.

( Picture Source : Twitter )

2017 ൽ വെസ്റ്റിൻഡീസിനെതിരെ നേടിയ മൂന്ന് സെഞ്ചുറിയാണ് കരിയറിൽ വഴിതിരിവായതെന്നും വലിയ താരങ്ങൾക്കൊപ്പം താരതമ്യം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും വലിയ താരങ്ങളുമായി ഇടപഴകിയതിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും ബാബർ അസം കൂട്ടിച്ചേർത്തു.

( Picture Source : Twitter )