Skip to content

ഫൈനലിൽ കെയ്ൻ വില്യംസനെ എങ്ങനെ പുറത്താക്കും ? തന്റെ പദ്ധതി വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ പുറത്താക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ന്യൂസിലാൻഡ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാനാണ് ക്യാപ്റ്റനും ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനും കൂടിയായ കെയ്ൻ വില്യംസൺ. ഓസ്‌ട്രേലിയൻ പര്യടനത്തിൽ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെയടക്കം പുറത്താക്കി തകർപ്പൻ പ്രകടനമാണ് മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. എന്നാൽ ഇംഗ്ലണ്ടിൽ തന്റെ ബൗളിങിൽ മാറ്റം വരുത്തമെന്നും മൊഹമ്മദ് സിറാജ് പറഞ്ഞു.

( Picture Source : Twitter )

ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മൊഹമ്മദ് സിറാജിന് ഇന്ത്യൻ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സിറാജ് 5 മത്സരങ്ങളിൽ നിന്നും ഇതിനോടകം 16 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

” ഓസ്‌ട്രേലിയൻ പിച്ചുകളിൽ കൂടുതൽ പേസും ബൗൺസും ലഭിക്കും. അതുകൊണ്ട് തന്നെ ഗുഡ് ലെങ്തിൽ പന്തെറിയാണ് ഞാൻ ശ്രമിച്ചത്. എന്നാൽ ഇംഗ്ലണ്ടിൽ കൂടുതൽ സ്വിങ് ലഭിക്കും. അതിനാൽ ബാറ്റ്‌സ്മാനെ ഫ്രണ്ട് ഫൂട്ടിൽ കളിപ്പിക്കാനായിരിക്കും ഞാൻ ശ്രമിക്കുക. ഒരേ സ്പോട്ടിൽ നിരന്തരം പന്തെറിയാനും ഞാൻ ശ്രമിക്കും. ” സിറാജ് പറഞ്ഞു.

( Picture Source : Twitter )

” കെയ്ൻ വില്യംസനെതിരെ ഡോട്ട് ബോളുകൾ എറിയുകയാണ് എന്റെ ലക്ഷ്യം. അവനാണ് ന്യൂസിലാൻഡ് ടീമിലെ മികച്ച ബാറ്റ്‌സ്മാൻ അതുകൊണ്ട് തന്നെ അവനെ സമ്മർദ്ദത്തിലാക്കേണ്ടതുണ്ട്. കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞാൽ ഷോട്ടുകൾ കളിക്കാൻ വില്യംസൺ പ്രകോപിതനാകും, അതിലൂടെ അവനെ പുറത്താക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. ” മൊഹമ്മദ് സിറാജ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )