Skip to content

രോഹിത് ശർമ്മ അധികം വൈകാതെ ഇന്ത്യയുടെ ക്യാപ്റ്റനാകും ; മുൻ ഇന്ത്യൻ താരം കിരൺ മോറെ

രോഹിത് ശർമ്മ അധികം വൈകാതെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്ന് മുൻ ഇന്ത്യൻ താരം കിരൺ മോറെ. രോഹിത് ശർമ്മയ്ക്കായി കോഹ്ലി വഴിയൊരുക്കി കൊടുക്കുമെന്നും ഇതുസംബന്ധിച്ച് കൂടുതൽ ചിത്രം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വ്യക്തമാകുമെന്നും കിരൺ മോറെ പറഞ്ഞു.

( Picture Source : Bcci / Twitter )

കോഹ്ലി – രോഹിത് ക്യാപ്റ്റൻസി സംബന്ധിച്ച് ദീർഘനാളായി ആരാധകർക്കിടയിലും ക്രിക്കറ്റ് നിരീഷകർക്കിടയിലും സജീവമാണ്. കോഹ്ലി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായി തുടരണമെന്ന് ഒരുകൂട്ടർ വാധിക്കുമ്പോൾ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്നാണ് ഒരുകൂട്ടരുടെ അഭിപ്രായം. നിരവധി പരമ്പരകളിൽ ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഐസിസി ടൂർണമെന്റ് വിജയിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. കരിയറിന്റെ ഏറെഭാഗം കോഹ്ലി ധോണിയ്ക്ക് കീഴിൽ കളിച്ചിരുന്നുവെന്നും അതുകൊണ്ട് തന്നെ ധോണി കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചതുപോലെ തന്റെ ഉത്തരവാദിത്വം കോഹ്ലി രോഹിത് ശർമ്മയ്ക്ക് നൽകുമെന്നും കിരൺ മോറെ പറഞ്ഞു.

( Picture Source : Bcci / Twitter )

” ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവാനുള്ള അവസരം രോഹിത് ശർമ്മയ്ക്ക് അധികം വൈകാതെ കൈവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. എം എസ് ധോണിയുടെ കീഴിൽ കളിച്ചിരുന്ന സമർത്ഥനായ ക്യാപ്റ്റനാണ് കോഹ്ലി, എത്ര നാൾ ഏകദിനത്തിലും ടി20യിലും അവൻ ക്യാപ്റ്റനാകണം ? അതിനെ കുറിച്ച് അവനും ചിന്തിക്കും. ഇതിനെ കുറിച്ചുളള കൂടുതൽ ചിത്രം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വ്യക്തമാകും. ” കിരൺ മോറെ പറഞ്ഞു.

( Picture Source : Bcci / Twitter )

” സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യയിലും വിജയിക്കും, ഇന്ത്യൻ ടീമിന്റെ ഭാവിയെ കുറിച്ച് മുതിർന്ന താരങ്ങളുടെ ധാരണ നിർണായകമാണ്. മൂന്ന് ഫോർമാറ്റിലും ടീമിനെ നയിക്കുകയെന്നത് എളുപ്പമല്ല അതിനൊപ്പം തന്നെ അവന് മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. ക്യാപ്റ്റനായി ടീമിനെ വിജയങ്ങളിലെത്തുകയും മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനം അവൻ പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്രത്തോളം മതി ഇനി രോഹിത് ശർമ്മ നയിക്കട്ടെയെന്ന് കോഹ്ലി പറയുന്ന സമയമെത്തും !! ” കിരൺ മോറെ കൂട്ടിച്ചേർത്തു.

( Picture Source : Bcci / Twitter )

” കോഹ്ലി അങ്ങനെ ചെയ്താൽ വളരെ വലിയ സന്ദേശമായിരിക്കും അത് ഇന്ത്യൻ ക്രിക്കറ്റിന് നൽകുക. രോഹിത് ശർമ്മ നന്നായി ചെയ്യുകയാണെങ്കിൽ ക്യാപ്റ്റനാകാൻ അവസരം നൽകണം. എല്ലാം തീരുമാനിക്കേണ്ടത് കോഹ്ലിയാണ്. എത്രത്തോളം വിശ്രമം വേണമെന്നും ഏകദിന ടീമിനെയും ടെസ്റ്റ് ടീമിനെയും നയിക്കണമോയെന്നും, അവനും മനുഷ്യനാണ്. അവന്റെ മനസ്സും തളരും ” കിരൺ മോറെ പറഞ്ഞു.

( Picture Source : Bcci / Twitter )