Skip to content

ഐ പി എൽ മാറ്റിവെച്ചത് ഇന്ത്യയ്ക്ക് മറ്റൊരു തരത്തിൽ ഗുണകരമാകും ; റോസ് ടെയ്ലർ

കോവിഡ് പ്രതിസന്ധി മൂലം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ മാറ്റിവെച്ചത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ. ഫൈനലിന് മുൻപായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡിന് ഗുണകരമാകുമെങ്കിലും ഇന്ത്യ അതിശക്തമായ ടീമാണെന്നും റോസ് ടെയ്ലർ പറഞ്ഞു.

( Picture Source : Twitter )

ജൂൺ പതിനെട്ടിന് സതാംപ്ടണിലാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുടീമുകളുമുള്ളത്.

” ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നതിനേക്കാൾ മികച്ച തയ്യാറെടുപ്പ് ഞങ്ങൾക്ക് വേറെ ലഭിക്കില്ല, എന്നാൽ ഇതൊരു2 ന്യൂട്രൽ വേദിയാണ്, ഇന്ത്യയുടെ കാര്യത്തിലാണെങ്കിൽ ഐ പി എൽ മാറ്റിവെച്ചത് ഫൈനലിൽ അവർക്ക് ഗുണകരമാകും. ഐ പി എൽ നടന്നിരുന്നുവെങ്കിൽ വളരെ കുറച്ച് സമയം മാത്രമേ തയ്യാറെടുപ്പിനായി അവർക്ക് ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കൂടുതൽ മികച്ച തയ്യാറെടുപ്പോടെ ഇംഗ്ലണ്ടിലെത്താൻ അവർക്ക് സാധിച്ചു. അവരുടെ ബൗളർമാർക്കും ഇക്കാര്യം ഗുണകരമായി. ” ടെയ്ലർ പറഞ്ഞു.

( Picture Source : Twitter )

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 12 വിജയം നേടി 72.2 ശതമാനം പോയിന്റ് നേടിയാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയത്. മറുഭാഗത്ത് 7 വിജയം മാത്രം നേടി 70 ശതമാനം Pct യോടെയാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്.

( Picture Source : Twitter )

” ഫൈനലിന് മുൻപായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര ഞങ്ങൾക്ക് നേരിയ മേൽക്കൈ നൽകുന്നുണ്ട്, എന്നാൽ ഇന്ത്യ ശക്തമായ ടീമാണ്, ദീർഘ നാളായി അവർ ഒന്നാം സ്ഥാനത്ത് തുടരുന്നു കൂടാതെ ഇംഗ്ലണ്ടിൽ മികച്ച വിജയങ്ങൾ നേടാനും അവർക്ക് സാധിച്ചിട്ടുണ്ട്. ഫൈനലിനായി ഇതിലും മികച്ച ഷെഡ്യൂൾ ഞങ്ങൾക്ക് ചോദിക്കാനാകില്ല. വർഷത്തിലെ ഈ സമയത്ത് ബൗളർമാർക്ക് അനുകൂലമായ സാഹചര്യങ്ങളാണുള്ളത്. ” റോസ് ടെയ്ലർ കൂട്ടിച്ചേർത്തു.

ജൂൺ രണ്ടിനാണ് ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷമാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കുന്നത്.

( Picture Source : Twitter )