Skip to content

എന്റെ സമയമെത്തിയെന്ന് സീസണിലെ ആദ്യ മത്സരത്തിന് മുൻപേ പോണ്ടിങ് പറഞ്ഞിരുന്നു ; ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ ആവേശ് ഖാൻ

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാൻ കാഴ്ച്ചവെച്ചത്. സീസണിലെ ആദ്യ മത്സരത്തിന് മുൻപേ കോച്ച് റിക്കി പോണ്ടിങ് നിന്റെ സമയമെത്തിയെന്നും സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പറഞ്ഞതായി ആവേശ് ഖാൻ വെളിപ്പെടുത്തി.

2017 മുതൽ 2020 വരെ വെറും 9 മത്സരങ്ങൾ മാത്രം കളിച്ച ആവേശ് ഖാൻ ഈ സീസണിൽ 8 മത്സരങ്ങളിലും ടീമിന് വേണ്ടി കളിച്ചിരുന്നു. 14 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തെത്താനും താരത്തിന് സാധിച്ചിരുന്നു. റിക്കി പോണ്ടിങ് എല്ലായ്പ്പോഴും തന്നെ പിന്തുണച്ചിരുന്നുവെന്നും തന്നെ പറ്റിയും തന്റെ കഴിവുകളെ പറ്റിയും പോണ്ടിങിന് വ്യക്തമായ ധാരണയുണ്ടെന്നും ആവേശ് ഖാൻ പറഞ്ഞു.

( Picture Source : Bcci / IPL )

” റിക്കി സർ എന്നെ എല്ലായ്‌പോഴും പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലായി അദ്ദേഹത്തിനൊപ്പം ഞാനുണ്ട്, അതുകൊണ്ട് എന്നെ അദ്ദേഹത്തിന് നല്ല പോലെയറിയാം. കഴിഞ്ഞ 2 സീസണുകളിൽ മികച്ച പ്രകടനം ഞങ്ങൾ പുറത്തെടുത്തു. കഴിഞ്ഞ സീസണിൽ ഫൈനലിലെത്താനും സാധിച്ചു. ഈ സീസണിലെ എട്ടിൽ ആറിലും ഞങ്ങൾ വിജയിച്ചു. എല്ലാ യുവതാരങ്ങളെയും അദ്ദേഹം പിന്തുണയ്ക്കും. മത്സരത്തിന് മുൻപും ശേഷവും അവരുമായി സംസാരിക്കുകയും ചെയ്യും. ” ആവേശ് ഖാൻ പറഞ്ഞു.

( Picture Source : Bcci / IPL )

” മെച്ചപെടാനുള്ള വഴികൾ അദ്ദേഹം പറഞ്ഞുതരാറുണ്ട്, ടീം മീറ്റിങ്ങുകളിൽ അദ്ദേഹം വളരെ പോസിറ്റീവാണ്. ആദ്യ മത്സരത്തിന് മുൻപേ എന്റെ സമയമെത്തിയെന്നും ഞാൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പുണ്ടെന്നും നീ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇതാണ് നീ മികച്ച പ്രകടനം പുറത്തെടുക്കേണ്ട സമയമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ” ആവേശ് ഖാൻ കൂട്ടിച്ചേർത്തു.

( Picture Source : Bcci / IPL )

” അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞതുമുതൽ എന്റെ സ്വപ്നം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ്. നാഷണൽ ടീം ജേഴ്സിയും ക്യാപും ഒരുമിച്ച് അണിയുകയെന്നത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത വികാരമാണ്. അണ്ടർ 19 കാലം മുതൽ എത്രയും വേഗം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. ” ആവേശ് ഖാൻ കൂട്ടിച്ചേർത്തു.

( Picture Source : Bcci / IPL )