Skip to content

ജഡേജ ഒരു മീഡിയം പേസർ ആയിരുന്നെങ്കിൽ എനിക്കും കുൽദീപ് യാദവിനും ഒരുമിച്ച് കളിക്കാൻ സാധിക്കുമായിരുന്നു ; യുസ്വേന്ദ്ര ചഹാൽ

ഇന്ത്യൻ ടീമിൽ കുൽ-ച കൂട്ടുകെട്ട് അവസാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യയെ ഒരുപാട് മത്സരങ്ങളിൽ വിജയത്തിലെത്തിക്കാൻ കുൽദീപ് യാദവ് – ചഹാൽ സ്പിൻ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ട് തുടരാൻ സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചഹാൽ. ലിമിറ്റഡ് ഓവർ ടീമിൽ ചഹാൽ തുടർന്നപ്പോൾ വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമാണ് കുൽദീപ് യാദവിന് അവസരം ലഭിച്ചത്.

( Picture Source : Twitter )

” ഞാനും കുൽദീപ് യാദവും ഒരുമിച്ച് കളിക്കുമ്പോൾ ടീമിൽ പന്തെറിയാൻ ഹാർദിക് പാണ്ഡ്യയും ഉണ്ടായിരുന്നു. എന്നാൽ 2018 ൽ പാണ്ഡ്യയ്ക്ക് പരിക്ക് പറ്റി, രവീന്ദ്ര ജഡേജ ഓൾ റൗണ്ടറായി ടീമിൽ തിരിച്ചെത്തുകയും ചെയ്തു. ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ജഡേജയ്ക്ക് സാധിക്കും. എന്നാൽ നിർഭാഗ്യവശാൽ ജഡേജ സ്പിന്നറാണ്, അവനൊരു മീഡിയം പേസർ ആയിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരുപാട് മത്സരങ്ങളിൽ ഒരുമിച്ച് കളിക്കാൻ സാധിക്കുമായിരുന്നു. ” ചഹാൽ പറഞ്ഞു.

( Picture Source : Twitter )

” ഏതൊരു സിരീസിലും പകുതി മത്സരങ്ങളിളെങ്കിലും ഞങ്ങൾ കളിച്ചിരുന്നു. 5 മത്സരങ്ങളുടെ പരമ്പരയാണെങ്കിൽ ചില സമയത്ത് അവൻ മൂന്ന് മത്സരങ്ങൾ കളിക്കും, ചില സമയത്ത് എനിക്ക് കൂടുതൽ മത്സരങ്ങൾ ലഭിക്കും. ടീം കോമ്പിനേഷൻ നിർണായകമാണ്. ഹാർദിക് പാണ്ഡ്യ ഉള്ളതുവരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു, ഞങ്ങൾക്കും അവസരങ്ങൾ ലഭിച്ചു, എന്നാൽ ടീമിന് വേണ്ടിയിരുന്നത് ഏഴാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ഓൾ റൗണ്ടറെയാണ്, പ്ലേയിങ് ഇലവനിൽ ഇല്ലെങ്കിൽ പോലും ടീം വിജയിച്ചാൽ ഞാൻ ഹാപ്പിയാണ്. ” ചഹാൽ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഏകദിനത്തിൽ 54 മത്സരങ്ങളിൽ നിന്നും 92 വിക്കറ്റും ടി20യിൽ 48 മത്സരങ്ങളിൽ നിന്നും 62 വിക്കറ്റും ചഹാൽ നേടിയിട്ടുണ്ട്‌, മറുഭാഗത്ത് കുൽദീപ് യാദവാകട്ടെ 63 ഏകദിന മത്സരങ്ങളിൽ നിന്നും 105 വിക്കറ്റും 20 ടി20 യിൽ നിന്നും 39 വിക്കറ്റും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്‌.

( Picture Source : Twitter )