Skip to content

രോഹിതോ കോഹ്ലിയോ അല്ല, ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് അവനെതിരെ ; പാകിസ്ഥാൻ താരം മൊഹമ്മദ് ആമിർ

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരായ രോഹിത് ശർമ്മയ്ക്കോ വിരാട് കോഹ്ലിയ്ക്കോ എതിരെ ബൗൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവപെട്ടിട്ടില്ലയെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ്. എന്നാൽ കോഹ്ലിയെ അപേക്ഷിച്ച് രോഹിത് ശർമ്മയ്ക്കെതിരെ പന്തെറിയുന്നത് എളുപ്പമാണെന്നും ആമിർ പറഞ്ഞു. കരിയറിൽ പന്തെറിയുന്നതിൽ ഏറ്റവുമധികം ബുദ്ധിമുട്ട് തോന്നിയത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെതിരെയാണെന്നും അതിന് പിന്നിലെ കാരണവും ആമിർ വെളിപ്പെടുത്തി.

( Picture Source : Twitter )

” രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കുമെതിരെ പന്തെറിയുന്നതിൽ എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ല. എന്നാൽ രോഹിത് ശർമ്മയ്ക്കെതിരെ ബൗൾ ചെയ്യുന്നത് കോഹ്ലിയേക്കാൾ എളുപ്പമാണ്. കാരണം അവനെ രണ്ട് വഴികളിലൂടെ പുറത്താക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നാറുണ്ട്. ഇടം കയ്യൻ പേസറുടെ ഇൻ സ്വിങറിലും തുടക്കത്തിൽ അകന്നുപോകുന്ന പന്തുകളിലും അവൻ ബുദ്ധിമുട്ടാറുണ്ട്. സമ്മർദഘട്ടങ്ങളിൽ കോഹ്ലിയ്ക്കെതിരെ പന്തെറിയുന്നത് അൽപ്പം ദുഷ്കരമാണ് എന്നാൽ അതൊഴിച്ചുനിർത്തിയാൽ ഇരുവർക്കുമെതിരെ പന്തെറിയാൻ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. ” ആമിർ പറഞ്ഞു.

( Picture Source : Twitter )

കരിയറിൽ ഏറ്റവുമധികം ബുദ്ധിമുട്ടിയത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെതിരെയാണെന്നും സ്മിത്തിന്റെ ടെക്നിക്കാണ് അതിനുകാരണമെന്നും ആമിർ പറഞ്ഞു.

( Picture Source : Twitter )

” ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് സ്റ്റീവ് സ്മിത്തിനെതിരെയാണ്. കാരണം അവന്റെ ടെക്നിക് അത്രയും പ്രയാസമാണ്. അവൻ നിൽക്കുന്ന ആംഗിൾ കാരണം എവിടെയാണ് പന്തെറിയേണ്ടതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. നിങ്ങൾ ഔട്ട് സ്വിങറെറിഞ്ഞാൽ അവൻ ബാറ്റുയർത്തി ഒഴിഞ്ഞുമാറും. പാഡിൽ പന്തെറിഞ്ഞാലോ, ഫ്ലിക്ക് അവന്റെ ഏറ്റവും മികച്ച ഷോട്ടാണ്. ടെക്നിക് മൂലം സ്മിത്തിനെതിരെ പന്തെറിയുകയെന്നത് വളരെ പ്രയാസമാണ്. ” മൊഹമ്മദ് ആമിർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ 147 മത്സരങ്ങളിൽ നിന്നും 259 വിക്കറ്റുകൾ നേടിയിട്ടുള്ള മൊഹമ്മദ് ആമിർ ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹൻഡ്രഡ് ലീഗിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഓയിൻ മോർഗൻ നയിക്കുന്ന ലണ്ടൻ സ്പിരിറ്റിന് വേണ്ടിയാകും പ്രഥമ സീസണിൽ ആമിർ കളിക്കുക.

( Picture Source : Twitter )