CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

എ ബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തില്ല, ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക

എ ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തില്ലയെന്ന് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആരാധകരുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക പങ്കുവെച്ചത്. എ ബി ഡിവില്ലിയേഴ്സുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്നും വിരമിക്കൽ തീരുമാനം അന്തിമമാണെന്ന് ഡിവില്ലിയേഴ്സ് തങ്ങളെ അറിയിച്ചുവെന്നും ഔദ്യോഗിക പ്രസ്താവനയിൽ ക്രിക്കറ്റ് സൗത്താഫ്രിക്ക പറഞ്ഞു.

( Picture Source : Twitter )

ഡിവില്ലിയേഴ്സിന് പുറമെ മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, ഇമ്രാൻ താഹിർ, ക്രിസ് മോറിസ് എന്നിവരും ടീമിൽ തിരിച്ചെത്തില്ല. നേരത്തെ ഡിവില്ലിയേഴ്സിനെ കൂടാതെ മോറിസ്, ഡുപ്ലെസിസ്, ഇമ്രാൻ താഹിർ എന്നിവർ ഐസിസി ടി20 ലോകകപ്പിന് മുൻപായി ടീമിൽ തിരിച്ചെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐ പി എല്ലിന് ശേഷം തന്റെ ഫോമും ഫിറ്റ്നസും കണക്കിലെടുത്തതിന് ശേഷം നിലവിലെ സൗത്താഫ്രിക്കൻ കോച്ച് മാർക്ക് ബൗച്ചറുമായി ചർച്ച നടത്തുമെന്ന് ഐ പി എല്ലിനിടെ ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു.

( Picture Source : Twitter )

2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് 114 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 50.66 ശരാശരിയിൽ 22 സെഞ്ചുറിയും 46 ഫിഫ്റ്റിയുമടക്കം 8765 റൺസും 228 ഏകദിന മത്സരങ്ങളിൽ നിന്നും 53.5 ശരാശരിയിൽ 25 സെഞ്ചുറിയും 53 ഫിഫ്റ്റിയുമടക്കം 9577 റൺസും സൗത്താഫ്രിക്കയ്ക്ക് നേടിയിട്ടുണ്ട്‌. ടി20 ക്രിക്കറ്റിൽ സൗത്താഫ്രിക്കയ്ക്കായി 78 മത്സരങ്ങളിൽ നിന്നും 1672 റൺസ് ഡിവില്ലിയേഴ്‌സ് നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം 2019 ഐ പി എൽ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 442 റൺസ് നേടിയ ഡിവില്ലിയേഴ്സ്, 2020 ൽ 454 റൺസും ഈ സീസണിൽ 7 മത്സരങ്ങളിൽ നിന്നും 207 റൺസും നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.

( Picture Source : Twitter )