Skip to content

എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി സ്റ്റേറ്റ് ടീമിൽ നിന്നും മാറുവാൻ തീരുമാനിച്ചിരുന്നതായി തമിഴ്നാട് ഓൾ റൗണ്ടർ വിജയ് ശങ്കർ. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന വിജയ് ശങ്കർ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. ഐ പി എല്ലിലും തിളങ്ങാൻ വിജയ് ശങ്കറിന് സാധിച്ചിട്ടില്ല. ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തി കൂടുതൽ റൺസ് നേടിയെങ്കിൽ മാത്രമേ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞുവെന്നും ഇതിഹാസ ഓൾ റൗണ്ടർമാരായ ഷെയ്ൻ വാട്സനെയും ജാക്ക് കാലിസിനെയും പോലെയാകാൻ തനിക്കാകുമെന്നും അടുത്തിടെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് ശങ്കർ പറഞ്ഞു.

( Picture Source : Twitter )

” തമിഴ്നാട് അസോസിയേഷനുമായോ മറ്റു ടീമുകളുമായോ ഞാൻ ഇക്കാര്യം സംസാരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എനിക്കൊന്നും പറയാനാകില്ല. എന്നാൽ ഒരു വർഷത്തിന് മുൻപ് മറ്റു സ്റ്റേറ്റ് ടീമുകളിലേക്ക് മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു, കാരണം ഞാൻ ആഗ്രഹിച്ച ബാറ്റിങ് പൊസിഷനല്ല എനിക്ക് ലഭിച്ചിരുന്നത്. ഒരു ക്രിക്കറ്ററെന്ന നിലയിൽ മികച്ച പ്രകടനങ്ങൾ ഞാൻ പുറത്തെടുത്തുകൊണ്ടിരിക്കണം. ഞാൻ റൺസ് സ്കോർ ചെയ്യുന്നെങ്കിൽ മാത്രമേ ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങുകയുള്ളൂ. മധ്യനിരയിൽ കൂടുതൽ സമയം ലഭിച്ചാൽ മാത്രമേ എനിക്ക് കൂടുതൽ റൺസ് നേടാൻ സാധിക്കൂ ” വിജയ് ശങ്കർ പറഞ്ഞു.

( Picture Source : Twitter )

” കൂടുതൽ റൺസ് നേടാൻ ക്രീസിൽ കൂടുതൽ സമയം ചിലവഴിക്കണം, എന്നുവെച്ച് ഓപ്പൺ ചെയ്യണമെന്നല്ല ഞാൻ പറയുന്നത്. നാലാമനായോ അഞ്ചാമനായോ അവസരം നൽകണമെന്നാണ് ഞാൻ പറയുന്നത്, എന്നിട്ടും എനിക്ക് റൺസ് നേടാൻ സാധിച്ചില്ലയെങ്കിൽ എന്നെ ഒഴിവാക്കാം എനിക്കതിൽ ഖേദമുണ്ടാകില്ല. ” വിജയ് ശങ്കർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” ഞാൻ ഓൾ റൗണ്ടറാണ്, എന്നാൽ ഞാൻ അറിയപ്പെടുന്നത് എന്റെ ബാറ്റിങ് കൊണ്ടാണ്. ഞാൻ ഒരു ഓൾറൗണ്ടറായതുകൊണ്ട് ആറാമനായോ ഏഴാമനായോ ബാറ്റ് ചെയ്യണമെന്നില്ല. ജാക്ക് കാലിസിനെയും ഷെയ്ൻ വാട്‌സനെയോ പോലെയാകാൻ എനിക്ക് സാധിക്കും. അവർ ബൗൾ ചെയ്യുന്നതിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുകയും മൂന്നാമനായി ബാറ്റിങിനിറങ്ങുകയും ചെയ്യുന്നു, ടോപ്പ് ഓർഡറിൽ റൺസ് നേടാനും വിക്കറ്റ് നേടാനും എനിക്ക് സാധിച്ചാൽ അത് ടീമിനും ഗുണകരമാണ്. ” ശങ്കർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )