Skip to content

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് വിസ്ഡൻ, കോഹ്ലിയില്ല, രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ക്രിക്കറ്റ് മാഗസിൻ. ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഒഴിവാക്കിയെങ്കിലും ഓപ്പണർ രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ഇലവനിൽ സ്ഥാനം പിടിച്ചു. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് ടീമിന്റെ ക്യാപ്റ്റൻ.

( Picture Source : Twitter )

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 11 മത്സരങ്ങളിൽ നിന്നും 64.37 ശരാശരിയിൽ 4 സെഞ്ചുറിയും 2 ഫിഫ്റ്റിയുമടക്കം 1030 റൺസ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയും 10 മത്സരങ്ങളിൽ നിന്നും. 55.5 ശരാശരിയിൽ 4 സെഞ്ചുറിയും 4 ഫിഫ്റ്റിയുമടക്കം 999 റൺസ് നേടിയ ദിമുത് കരുണരത്നെയുമാണ് ടീമിലെ ഓപ്പണർമാർ.

( Picture Source : Twitter )

13 മത്സരങ്ങളിൽ നിന്നും 72.8 ശരാശരിയിൽ 5 സെഞ്ചുറിയും 9 ഫിഫ്റ്റിയുമടക്കം 1675 റൺസ് നേടി ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ കൂടിയായ ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നാണ് ഇലവനിൽ മൂന്നാം നമ്പർ ബാറ്റ്‌സ്മാൻ. 13 മത്സരങ്ങളിൽ നിന്നും 63.7 ശരാശരിയിൽ നാല് സെഞ്ചുറിയും 7 ഫിഫ്റ്റിയുമടക്കം 1341 റൺസ് നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്താണ് ടീമിലെ നാലാം നമ്പർ ബാറ്റ്‌സ്മാൻ. 9 മത്സരങ്ങളിൽ നിന്നും 58.5 ശരാശരിയിൽ 817 റൺസ് നേടിയ കെയ്ൻ വില്യംസനാണ് ടീമിന്റെ ക്യാപ്റ്റൻ.

( Picture Source : Twitter )

17 മത്സരങ്ങളിൽ നിന്നും 1334 റൺസും 34 വിക്കറ്റും നേടിയ ബെൻ സ്റ്റോക്സാണ് ടീമിലെ ഒരേയൊരു ഓൾ റൗണ്ടർ. 11 മത്സരങ്ങളിൽ നിന്നും 662 റൺസും 35 ക്യാച്ചും 5 സ്റ്റമ്പിങും നേടിയ ഇന്ത്യൻ യുവതാരം റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പർ.

( Picture Source : Twitter )

6 മത്സരങ്ങളിൽ നിന്നും 67 വിക്കറ്റ് നേടിയ ന്യൂസിലാൻഡ് പേസർ കെയ്ൽ ജാമിസൺ, 13 മത്സരങ്ങളിൽ നിന്നും 67 വിക്കറ്റ് നേടിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, 14 മത്സരങ്ങളിൽ നിന്നും 70 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്, 17 മത്സരങ്ങളിൽ നിന്നും 69 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് എന്നിവരാണ് ടീമിലെ ബൗളർമാർ.

വിസ്‌ഡൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ ; രോഹിത് ശർമ്മ, ദിമുത് കരുണരത്നെ, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ബെൻ സ്റ്റോക്സ്, റിഷഭ് പന്ത്‌, കെയ്ൽ ജാമിസൺ, രവിചന്ദ്രൻ അശ്വിൻ, പാറ്റ് കമ്മിൻസ്, സ്റ്റുവർട്ട് ബ്രോഡ്.

( Picture Source : Twitter )