Skip to content

ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന് പുറമെ പ്ലേയിങ് ഇലവനിൽ നിന്നും ഡേവിഡ് വാർണറെ ഒഴിവാക്കിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെ വിമർശിച്ച് സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് ശേഷമാണ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി കെയ്ൻ വില്യംസണെ സൺറൈസേഴ്‌സ് ക്യാപ്റ്റനായി നിയമിച്ചത്. തുടർന്ന് രാജസ്ഥാൻ റോയൽസിനെതിരായ തൊട്ടടുത്ത മത്സരത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഡേവിഡ് വാർണറെ പ്ലേയിങ് ഇലവനിൽ നിന്നും സൺറൈസേഴ്‌സ് ഒഴിവാക്കിയിരുന്നു.

( Picture Source : IPL / BCCI )

എന്നാൽ ഡേവിഡ് വാർണറെ ഒഴിവാക്കിയിട്ടും മത്സരത്തിൽ വിജയിക്കാൻ സൺറൈസേഴ്‌സിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ 55 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. സീസണിൽ 7 മത്സരങ്ങളിൽ ആറിലും പരാജയപെട്ട സൺറൈസേഴ്‌സിന് പഞ്ചാബ് കിങ്സിനെതിരായ ഒരേയൊരു മത്സരത്തിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ബൗളർമാരായ ഭുവനേശ്വർ കുമാർ, ടി നടരാജൻ എന്നിവർക്ക് പരിക്കേറ്റതും സൺറൈസേഴ്‌സിന് കനത്ത തിരിച്ചടിയായി.

( Picture Source : IPL / BCCI )

” അവനെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയ തീരുമാനം വളരെ വിചിത്രമായി തോന്നുന്നു. അടുത്ത സീസണിന് മുൻപായി ക്യാപ്റ്റൻസിയിൽ അവർ മാറ്റം വരുത്തുകയും കെയ്ൻ വില്യംസണെ ക്യാപ്റ്റനാക്കിയതും മനസ്സിലാക്കാൻ സാധിക്കുന്ന കാര്യമാണ്. എന്നാൽ ഡേവിഡ് വാർണർ ഇപ്പോഴും അസാധാരണ ബാറ്റ്‌സ്‌മാനാണ്. ഞാനായിരിന്നെങ്കിൽ അവനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തും. ഒരുപക്ഷെ ഇത് അവസാനമായിട്ടായിരിക്കാം വാർണറെ ഓറഞ്ച് ആർമിയിൽ കാണാൻ സാധിക്കുന്നത്. ” ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു.

( Picture Source : IPL / BCCI )

” ഡേവിഡ് വാർണർ ചിലപ്പോൾ ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടാകാം. മനീഷ് പാണ്ഡെയെ ഒഴിവാക്കിയത് സംബന്ധിച്ച്, ചില സമയങ്ങളിൽ മാനേജ്‌മെന്റിന് വിമർശനങ്ങൾ ഇഷ്ട്ടപെടുകയില്ല. ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ക്യാപ്റ്റനാണ്. കളിക്കളത്തിന് പുറത്ത് മറ്റുള്ളവർ അറിയാത്ത എന്തൊക്കെയോ നടന്നിട്ടുണ്ട് എന്നത് ഉറപ്പാണ് ” ഡെയ്ൽ സ്റ്റെയ്ൻ കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

6 സീസണുകളിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നയിച്ചിട്ടുള്ള ഡേവിഡ് വാർണർ നാലിലും ടീമിനെ പ്ലേയോഫിൽ എത്തിച്ചിട്ടുണ്ട്, 2016 സീസണിൽ വാർണറിന്റെ ചിറകിലേറിയാണ് സൺറൈസേഴ്‌സ് ഐ പി എൽ കിരീടം നേടിയത്.

( Picture Source : IPL / BCCI )