Skip to content

തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോഡ് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സെഞ്ചുറി നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 55 റൺസിന്റെ തകർപ്പൻ വിജയം രാജസ്ഥാൻ റോയൽസ് നേടിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ 64 പന്തിൽ 124 റൺസ് നേടിയ ജോസ് ബട്ട്ലറുടെയും 33 പന്തിൽ 48 റൺസ് നേടിയ സഞ്ജു സാംസന്റെയും മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 165 റൺസ് നേടാനെ സാധിച്ചുള്ളു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്താഫിസുർ റഹ്മാൻ, ക്രിസ് മോറിസ് എന്നിവരാണ് സൺറൈസേഴ്‌സിനെ തകർത്തത്. സീസണിലെ രാജസ്ഥാൻ റോയൽസിന്റെ മൂന്നാം വിജയവും സൺറൈസേഴ്‌സിന്റെ ആറാം തോൽവിയുമാണിത്.

( Picture Source : IPL / BCCI )

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടം ബട്ട്ലർ സ്വന്തമാക്കി. 64 പന്തിൽ 11 ഫോറും 8 സിക്സുമടക്കം 124 റൺസ് ജോസ് ബട്ട്ലർ നേടിയിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 119 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസന്റെ റെക്കോർഡാണ് ബട്ട്ലർ തകർത്തത്.

( Picture Source : IPL / BCCI )

കഴിഞ്ഞ സീസണിൽ മുംബൈയ്ക്കെതിരെ 107 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 2019 ൽ ഡൽഹിയ്ക്കെതിരെ 105 റൺസ് നേടിയ അജിങ്ക്യ രഹാനെ, 2014 ൽ കൊൽക്കത്തയ്ക്കെതിരെ 104 റൺസ് നേടിയ ഷെയ്ൻ വാട്സൻ എന്നിവരാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും ഉയർന്ന സ്കോർ നേടിയവരുടെ പട്ടകയിൽ ബട്ട്ലർക്കും സഞ്ജു സാംസണും പിന്നിലുള്ളത്.

( Picture Source : IPL / BCCI )

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണിത്. 2018 ൽ സൺറൈസേഴ്‌സിനെതിരെ 128 റൺസ് നേടിയ റിഷഭ് പന്താണ് ഈ റെക്കോർഡിൽ ബട്ട്ലർക്ക് മുന്നിലുള്ളത്.

( Picture Source : IPL / BCCI )