Skip to content

7 മത്സരങ്ങളിൽ നാലിലും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്റെ റെക്കോർഡിൽ നിക്കോളാസ് പൂറൻ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐ പി എല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്സിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് പൂറൻ. സീസണിൽ ഏഴ് മത്സരങ്ങളിൽ നാലിലും പൂറാൻ പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ ഈ മോശം റെക്കോർഡ് താരം സ്വന്തമാക്കിയത്.

( Picture Source : IPL / BCCI )

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 34 റൺസിന്റെ തകർപ്പൻ വിജയം പഞ്ചാബ് കിങ്സ് നേടിയിരുന്നു. 57 പന്തിൽ 7 ഫോറും 5 സിക്സുമടക്കം 91 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും 46 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെയും മികവിൽ പഞ്ചാബ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബി യ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 145 റൺസ് നേടാനെ സാധിച്ചുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർപ്രീത് ബ്രാറും 2 വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്നോയുമാണ് ബാംഗ്ലൂരിനെ തകർത്തത്.

( Picture Source : IPL / BCCI )

സീസണിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്നും 28 റൺസ് നേടാൻ മാത്രമാണ് പൂറന് സാധിച്ചിട്ടുള്ളത്. ബാംഗ്ലൂരിനെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐ പി എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ബാറ്റ്‌സ്മാന്മാരിലൊരാളായി പൂറൻ മാറി. ഇതിനമുൻപ് നാല് താരങ്ങൾ ഒരു ഐ പി എൽ സീസണിൽ നാല് തവണ ഡക്കായിട്ടുണ്ട്.

( Picture Source : IPL / BCCI )

2009 ൽ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹെർഷൽ ഗിബ്സ്‌, 2011 ൽ മിഥുൻ മൻഹാസ്‌, 2012 ൽ മനീഷ് പാണ്ഡെ, 2020 ൽ ശിഖാർ ധവാൻ എന്നിവരും നാല് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. എന്നാൽ ഇനിയും 7 മത്സരങ്ങൾ കൂടെ ശേഷിക്കെ ഒരു മത്സരത്തിൽ കൂടെ പൂജ്യത്തിന് പുറത്തായാൽ ഈ നാണക്കേട് നിക്കോളാസ് പൂറൻ ഒറ്റയ്ക്ക് വഹിക്കേണ്ടി വരും. അതിനിടെ ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ അവസരം ലഭിക്കാതെയിരിക്കുമ്പോഴാണ് മോശം ഫോമിലും പൂറന് അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

( Picture Source : IPL / BCCI )

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 35.30 ശരാശരിയിൽ 353 റൺസ് നേടി മികച്ച പ്രകടനമാണ് പഞ്ചാബ് കിങ്സിന് വേണ്ടി താരം കാഴ്ച്ചവെച്ചിരുന്നത്. എന്നാൽ ഇക്കുറി ആ ഫോം കണ്ടെത്താൻ പൂറന് സാധിച്ചിട്ടില്ല. മേയ് രണ്ടിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )