Skip to content

ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്, വാർണറെയും റെയ്നയെയും പിന്നിലാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് ഒരു റണ്ണിന്റെ ആവേശവിജയം ആർ സി ബി നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡും എ ബി സ്വന്തമാക്കി. സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയും ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയെയുമാണ് ഈ റെക്കോർഡിൽ എ ബി ഡിവില്ലിയേഴ്സ് പിന്നിലാക്കിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളൂ. 25 പന്തിൽ 53 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയറും, 48 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 42 പന്തിൽ പുറത്താകാതെ 3 ഫോറും 5 സിക്സുമടക്കം 75 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സിന്റെ മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടിയത്. മത്സരത്തിലെ വിജയത്തോടെ ആർ സി ബി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

( Picture Source : IPL / BCCI )

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ 5,000 റൺസ് എ ബി ഡിവില്ലിയേഴ്സ് പൂർത്തിയാക്കി. ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനും കൂടിയായ ഡേവിഡ് വാർണർക്ക് ശേഷം ഐ പി എല്ലിൽ 5,000 റൺസ് നേടുന്ന വിദേശ ബാറ്റ്‌സ്മാനാണ് ഡിവില്ലിയേഴ്സ്. കൂടാതെ നേരിട്ട പന്തുകളുടെ അടിസ്‌ഥാനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും ഡിവില്ലിയേഴ്സ് സ്വന്തമാക്കി.

( Picture Source : IPL / BCCI )

വെറും 3288 പന്തിൽ നിന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് എ ബി നേടിയിരിക്കുന്നത്. 3554 പന്തിൽ 5,000 റൺസ് നേടിയ ഡേവിഡ് വാർണർ, 3620 പന്തിൽ 5000 റൺസ് നേടിയ സുരേഷ് റെയ്‌ന എന്നിവരെ പിന്നിലാക്കിയാണ് ഈ പട്ടികയിൽ ഡിവില്ലിയേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്.

( Picture Source : IPL / BCCI )

കളിച്ച ഇന്നിങ്സുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് നേടിയ മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് എ ബി ഡിവില്ലിയേഴ്സ്. 161 ഇന്നിങ്സിൽ നിന്നുമാണ് ഈ നാഴികക്കല്ല് എ ബി പിന്നിട്ടിരിക്കുന്നത്. 157 ഇന്നിങ്‌സിൽ നിന്നും 5000 റൺസ് നേടിയ സഹതാരം വിരാട് കോഹ്ലി, 135 ഇന്നിങ്സിൽ നിന്നും 5000 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരാണ് ഈ പട്ടികയിൽ തലപ്പത്തുള്ളത്.

ഐ പി എല്ലിൽ 5000 റൺസ് നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് ഡിവില്ലിയേഴ്സ്. വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, ശിഖാർ ധവാൻ, ഡേവിഡ് വാർണർ, എന്നിവരാണ് ഐ പി എല്ലിൽ 5000 റൺസ് നേടിയിട്ടുള്ള മറ്റു ബാറ്റ്‌സ്മാന്മാർ.

( Picture Source : IPL / BCCI )