Skip to content

‘അങ്ങനെയെങ്കിൽ ആർക്കും ക്യാപ്റ്റനാകാൻ കഴിയും’ : കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് സെവാഗ്

ക്യാപ്റ്റൻ മോർഗൻ ഫോമിൽ തിരിച്ചെത്തിയതോടെ  കിംഗ്‌സ് പഞ്ചാബിനെതിരായ മത്സരത്തിൽ   കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം. അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 16.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, 41 റൺസ് നേടി അതിവേഗത്തിൽ റൺസ് ഉയർത്തിയ രാഹുല്‍ ത്രിപാഠി  എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് രണ്ടാം ജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ പ്രസിദ്ധ് കൃഷ്ണയുടെ മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനങ്ങളുമാണ്  തകര്‍ത്തത്. ഒമ്പത് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. 31 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

മത്സരത്തിനിടെ കൊൽക്കത്തയുടെ ഡഗ് ഔട്ടിൽ നിന്ന് ഉയർന്ന കോഡ് വേർഡ് ആരാധകരിൽ ആശ്ചര്യമുണ്ടാക്കിയിരുന്നു.
കൊൽക്കത്തയുടെ അനലിസ്റ്റ് നഥാൻ ലീമാൻ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗിന്റെ മധ്യ ഓവറിനിടെ ’54 ‘ എന്ന ഒരു രഹസ്യ പ്ലക്കാർഡ് പൊക്കുകയായിരുന്നു. ഓൺ-എയർ കമന്റേറ്റർമാരും ആരാധകരും ഒരുപോലെ കോഡ് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് വലിയ ചർച്ച തന്നെ നടത്തിയിരുന്നു, എന്നാൽ  ആർക്കും അക്കാര്യം ഡീകോഡ് ചെയ്യാനായില്ല.

എന്നാൽ കൊൽക്കത്തയുടെ ഈ തന്ത്രത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സെവാഗ്. ഡഗ് ഔട്ടിലെ അനലിസ്റ്റുകൾക്ക് മത്സരത്തിൽ തന്ത്രങ്ങൾ നിർദ്ദേശിക്കാൻ അനുവാദമുണ്ടെങ്കിൽ ആർക്കും മൈതാനത്ത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.

” അത്തരം കോഡ് ഭാഷ ഞങ്ങൾ സൈന്യത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ.  ഒരു പ്രത്യേക സമയത്ത് ഒരു നിശ്ചിത ബൗളറെ പന്തെൽപ്പിക്കുന്നതിനെ കുറിച്ചായിരിക്കും  ’54’ എന്നത് കൊണ്ട് അവർ ഉദ്ദേശിച്ചതെന്ന് കരുതുന്നു. ഡഗ് ഔട്ടിൽ നിന്ന് ക്യാപ്റ്റന് നൽകാൻ മാനേജുമെന്റും പരിശീലകരും ആഗ്രഹിക്കുന്ന ഒരു ചെറിയ സഹായമാണത്. ഇതിൽ മുഖം ചുളിക്കാൻ ഒന്നുമില്ല, എന്നാൽ അവർ മത്സരം പുറത്തു നിന്ന് നിർദ്ദേശിക്കുകയാണെങ്കിൽ, ഈ രീതിയിൽ, ആർക്കും ക്യാപ്റ്റനാകാൻ കഴിയും, ശരിയല്ലേ? മോർഗൻ ലോകക്കപ്പ് നേടികൊടുത്ത ആ ക്യാപ്റ്റൻസിക്ക് ഇവിടെ ഒരു റോളുമില്ല ” ക്രിക്ബസ് ഷോയിൽ സെവാഗ് പറഞ്ഞു.

” എം‌എസ് ധോണി, രോഹിത് ശർമ തുടങ്ങിയ ക്യാപ്റ്റൻമാർ നൈസര്‍ഗ്ഗികമായ കഴിവുള്ളവരാണ്. കളിയുടെ  സാഹചര്യത്തിനനുസരിച്ച് അവർ തന്ത്രം മാറ്റുന്നു. ഉദാഹരണമായി ആൻഡ്രെ റസ്സൽ ബാറ്റ് ചെയ്യുമ്പോൾ ധോണി സെറ്റ് ചെയ്യുന്ന രീതി ഇങ്ങനെയാണ്… ഫൈൻ ലെഗ് അല്ലെങ്കിൽ ഡീപ് സ്ക്വയർ ലെഗ് എന്നിവിടങ്ങളിൽ ഫീൽഡർമാർ ഉണ്ടാവില്ല, ലെഗ് സൈഡിൽ വെറും 2 കളിക്കാർ, ബാക്കിയുള്ളവർ ഓഫ് സൈഡിൽ. ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു അനലിസ്റ്റിനും പറഞ്ഞു തരാൻ സാധിക്കില്ല. അത് ധോണിയുടെ പെട്ടെന്നുള്ള ചിന്തയിൽ നിന്ന് ഉദിക്കുന്നതാണ്. ഡഗ്ഔട്ടിൽ നിന്നുള്ള സഹായം നല്ലതാണെന്നതിൽ സംശയമില്ല, പക്ഷേ ക്യാപ്റ്റന്റെ സഹജാവബോധം കൂടുതൽ പ്രാധാന്യമർഹിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. ” സെവാഗ് വിശദീകരിച്ചു.

ഒരു സന്ദര്‍ഭത്തില്‍ ഏത് ബൗളറെ ഉപയോഗിക്കണമെന്ന് പുറത്ത് നിന്ന് സഹായം ലഭിക്കുന്നത് മോശമല്ല. എന്നാല്‍ ക്യാപ്റ്റന്റെ മനസില്‍ ഈ സന്ദര്‍ഭത്തിന് ആരാവും അനുയോജ്യനെന്നത് സംബന്ധിച്ച ചിന്ത ഉണ്ടാവും. പുറത്ത് നിന്നുള്ള സഹായം തെറ്റല്ല. കാരണം ചില സമയങ്ങളില്‍ ടീമിലെ 25ാമനാവും നല്ല ആശയം പങ്കുവെക്കാന്‍ സാധിക്കുകയെന്നും സെവാഗ് പറഞ്ഞു.