Skip to content

രവിചന്ദ്രൻ അശ്വിൻ ഐ പി എല്ലിൽ നിന്നും പിന്മാറി ; കാരണമിതാണ്

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെതിരായ വിജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. സ്പിന്നറും ടീമിലെ മുതിർന്ന താരവും കൂടിയായ രവിചന്ദ്രൻ അശ്വിൻ ഈ സീസണിൽ നിന്നും അനിശ്ചിതസമയത്തേക്ക് പിന്മാറി. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തന്റെ കുടുംബത്തിന് പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അശ്വിൻ ഐ പി എല്ലിൽ നിന്നും ഇടവേളയെടുത്തിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ തീരുമാനം അശ്വിൻ ആരാധകരുമായി പങ്കുവെച്ചത്.

( Picture Source : IPL / BCCI )

” നാളെ മുതൽ ഈ ഐ പി എൽ സീസണിൽ നിന്നും ഞാൻ ഇടവേളയെടുക്കുന്നു. എന്റെ കുടുംബം കോവിഡ് 19 നോട് പോരാട്ടം നടത്തികൊണ്ടിരിക്കുകയാണ്. ഈ രൂക്ഷമായ സാഹചര്യത്തിൽ എനിക്കവരെ പിന്തുണയ്ക്കേണ്ടതുണ്ട്. കാര്യങ്ങളെല്ലാം ശരിയായ ദിശയിയാൽ തിരിച്ചെത്തി കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” അശ്വിൻ ട്വിറ്ററിൽ കുറിച്ചു. 

( Picture Source : IPL / BCCI )

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സൂപ്പറോവറിലാണ് ഡൽഹി ക്യാപിറ്റൽസ്‌ വിജയം നേടിയത്. മത്സരത്തിൽ ഇരു ടീമുകൾക്കും നിശ്ചിത 20 ഓവറിൽ 159 റൺസ് നേടാനാണ് സാധിച്ചത്. 160 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ 18 പന്തിൽ 38 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 51 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ കെയ്ൻ വില്യംസണും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source : IPL / BCCI )

സൂപ്പറോവറിൽ സൺറൈസേഴ്‌സിന് വേണ്ടി ബാറ്റിങിനിറങ്ങിയ വില്യംസണും ഡേവിഡ് വാർണറിനും 7 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ധവാനും റിഷാബ് പന്തും ആദ്യ രണ്ട് പന്തിൽ സിംഗിളും മൂന്നാം പന്തിൽ ഫോറും അവസാന 2 പന്തിൽ സിംഗിളും നേടി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 39 പന്തിൽ 53 റൺസ് നേടിയ പൃഥ്വി ഷാ, 27 പന്തിൽ 37 റൺസ് നേടിയ ക്യാപ്റ്റൻ റിഷാബ് പന്ത്, 25 പന്തിൽ 34 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 28 റൺസ് നേടിയ ശിഖാർ ധവാൻ എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

( Picture Source : IPL / BCCI )

മത്സരത്തിൽ നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി മികച്ച പ്രകടനമാണ് രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. സീസണിൽ 5 മത്സരങ്ങളിൽ നാല് വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസുള്ളത്. അശ്വിനെ പോലെ മുതിർന്ന താരത്തിന്റെ അഭാവം ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടിയായേക്കാം.

( Picture Source : IPL / BCCI )