Skip to content

പറത്തിയത് 5 സിക്സും ഒരു ഫോറും, തകർപ്പൻ റെക്കോർഡിൽ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി രവീന്ദ്ര ജഡേജ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ചെന്നൈ 69 റൺസിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്.

( Picture Source : Ipl / Bcci )

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടാനെ സാധിച്ചുള്ളു. നാലോവറിൽ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ബാംഗ്ലൂരിനെ തകർത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 28 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 62 റൺസ് നേടിയ രവീന്ദ്ര ജഡേജ, 41 പന്തിൽ 50 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 191 റൺസ് നേടിയത്.

( Picture Source : Ipl / Bcci )

മത്സരത്തിൽ രവീന്ദ്ര ജഡേജയ്ക്കെതിരെ അവസാന ഓവർ എറിയാനെത്തിയ ഈ സീസണിലെ പർപ്പിൾ ക്യാപ് ഹോൾഡർ കൂടിയായ ഹർഷാൽ പട്ടേൽ 37 റൺസാണ് ഓവറിൽ വഴങ്ങിയത്. 5 സിക്സും ഒരു ഫോറും ഒരു ഡബിളും ഉൾപ്പെടെ 36 റൺസ് ഓവറിൽ ജഡേജയുടെ ബാറ്റിൽ നിന്നും പിറന്നിരുന്നു. കൂടാതെ ഓവറിലെ മൂന്നാം പന്ത്‌ നോ ബോൾ കൂടിയാതോടെയാണ് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് പിറന്ന ഓവറായി മാറിയത്.

( Picture Source : Ipl / Bcci )

ഓവറിൽ 36 റൺസ് നേടിയ ജഡേജ ഐ പി എല്ലിൽ ഓരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡിൽ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ്‌ ഗെയ്ലിനൊപ്പമെത്തുകയും ചെയ്തു. 2011 ൽ കൊച്ചി ടാസ്‌കേഴ്സിനെതിരായ പ്രശാന്ത് പരമേശ്വരൻ എറിഞ്ഞ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ ഓവറിൽ 36 റൺസ് ക്രിസ് ഗെയ്ൽ നേടിയിരുന്നു.

( Picture Source : Ipl / Bcci )

മത്സരത്തിലെ 69 റൺസിന്റെ വിജയത്തോടെ ബാംഗ്ലൂരിനെ പിന്നിലാക്കി ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർച്ചയായ നാലാം വിജയം കൂടിയാണിത്. ഏപ്രിൽ സൺറൈസേഴ്‌സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.

( Picture Source : Ipl / Bcci )