Skip to content

അക്കാര്യത്തിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളർ ; പ്രശംസിച്ച് ആശിഷ് നെഹ്റ

റോയൽ ചലഞ്ചേഴ്സ്‌ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. സിറാജിനെ ജസ്പ്രീത് ബുംറയെ താരതമ്യം ചെയ്ത ആശിഷ് നെഹ്റ ചില കാര്യങ്ങളിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളറാണെന്നും കൂട്ടിച്ചേർത്തു.

( Picture Source : Twitter /Bcci )

ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം തകർപ്പൻ പ്രകടനമാണ് മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ റൺസ് വഴങ്ങുന്നതിൽ ഒരുപാട് പഴികേട്ട താരം തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 5 വിക്കറ്റുകൾ നേടിയ മൊഹമ്മദ് സിറാജ് ഈ സീസണിൽ 50 ഡോട്ട് ബോളുകൾ എറിയുന്ന ആദ്യ ബൗളറായും മാറിയിരുന്നു. 53 ഡോട്ട് ബോളുകൾ നാല് മത്സരങ്ങളിലായി മൊഹമ്മദ് സിറാജ് എറിഞ്ഞുകഴിഞ്ഞു.

( Picture Source : Twitter /Bcci )

” ബൗളർമാരെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും ജസ്പ്രീത് ബുംറയെ കുറിച്ചാണ് ആദ്യം സംസാരിക്കുന്നത്. എന്നാൽ കഴിവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ മൊഹമ്മദ് സിറാജ് ജസ്പ്രീത് ബുംറയ്ക്ക് പുറകിലാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ ഫോർമാറ്റിലും അങ്ങനെ തന്നെ. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യ എ യുടെ എല്ലാ റെഡ് ബോൾ ക്രിക്കറ്റ് മത്സരങ്ങളിലും മൊഹമ്മദ് സിറാജ് അഞ്ചോ ആറോ വിക്കറ്റുകൾ നേടുമെന്ന സംസാരമുണ്ടായിരുന്നു. ഒരു മികച്ച ടെസ്റ്റ് മാച്ച് ബൗളർക്ക് വൈറ്റ് ബോൾ ക്രിക്കറ്റിലും വിജയിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ” ആശിഷ് നെഹ്റ പറഞ്ഞു.

( Picture Source : Twitter /Bcci )

” ചില ബൗളർമാരെ ടി20 ക്രിക്കറ്റിൽ മാത്രമാണ് ഉൾപ്പെടുത്തുക. എന്നാൽ മൊഹമ്മദ് സിറാജ് എല്ലാ ഫോർമാറ്റിനും അനുയോജ്യമായ ബൗളറാണ്. കഴിവിന്റെ കാര്യത്തിൽ അവന് പരിമിതികളില്ല. എല്ലാ തരത്തിലുമുള്ള വേരിയേഷനുകൾ അവന്റെ പക്കലുണ്ട്. വേരിയേഷനുകളിലെ കഴിവിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അവൻ ബുംറയേക്കാൾ മുൻപിലാണെന്ന് ഞാൻ പറയും. വ്യത്യസ്ത തരത്തിലുള്ള സ്ലോ ബോളുകൾ അവന്റെ പക്കലുണ്ട്. വേഗതയിലും അവൻ പിന്നിലല്ല. ന്യൂ ബോളിലും അവന് കഴിവുണ്ട്. ” ആശിഷ് നെഹ്റ കൂട്ടിച്ചേർത്തു.

( Picture Source : Twitter /Bcci )

ഐ പി എല്ലിൽ ഇതുവരെ 39 മത്സരങ്ങളിൽ നിന്നും 44 വിക്കറ്റുകൾ മൊഹമ്മദ് സിറാജ് നേടിയിട്ടുണ്ട്‌. ഇന്ത്യയ്ക്ക് വേണ്ടി 9 മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം മൂന്ന് ഫോർമാറ്റിൽ നിന്നുമായി 19 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌.

( Picture Source : Twitter /Bcci )