Skip to content

എനിക്ക് സെഞ്ചുറി വേണ്ട, മത്സരം ഫിനിഷ് ചെയ്യൂ ! മത്സരത്തിനിടെ ദേവദത് പടിക്കൽ പറഞ്ഞ കാര്യം വെളിപ്പെടുത്തി വിരാട് കോഹ്ലി

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ സെഞ്ചുറി നേടിയ ദേവ്ദതിന്റെയും അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും മികവിൽ രാജസ്ഥാൻ റോയൽസിനെ 10 വിക്കറ്റിന് ആർ സി ബി പരാജയപെടുത്തിയിരുന്നു. മത്സരത്തിനിടെ തന്റെ സെഞ്ചുറിയെ പറ്റി ചിന്തിക്കേണ്ടയെന്നും മത്സരം ഫിനിഷ് ചെയ്യാനും ദേവ്ദത് പടിക്കൽ ആവശ്യപെട്ടുവെന്നും അതിന് താൻ നൽകിയ മറുപടിയും മത്സരശേഷം വിരാട് കോഹ്ലി വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിലാണ് ആർ സി ബി മറികടന്നത്. ദേവ്ദത് പടിക്കൽ 52 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പെടെ 101 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 47 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പെടെ 72 റൺസ് നേടിയിരുന്നു. സീസണിലെ ബാംഗ്ലൂരിന്റെ തുടർച്ചയായ നാലാം വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ആർ സി ബി ഒന്നാം സ്ഥാനത്തെത്തി.

( Picture Source : Twitter / Bcci )

” അവിസ്മരണീയമായ ഇന്നിങ്സായിരുന്നു ദേവ്ദത് പടിക്കലിന്റെത്. അരങ്ങേറ്റ സീസണായ കഴിഞ്ഞ സീസണിലും മികച്ച പ്രകടനമാണ് അവൻ ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. 30 റൺസിന് ശേഷം അവൻ സ്‌ട്രൈക്ക് റേറ്റ് വർദ്ധിപ്പിക്കുന്നില്ലയെന്ന സംസാരമുണ്ടായിരുന്നു. അതിനെല്ലാം ഈ ഒരു പ്രകടനത്തോടെ അവൻ മറുപടി നൽകി. വലിയ കഴിവ് അവനുണ്ട്. ഭാവിയിൽ വലിയ പ്രതീക്ഷ അവനിലുണ്ട്. സെഞ്ചുറിയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. മത്സരം ഫിനിഷ് ചെയ്യാനും ഇനിയുമേറെ വരാനുണ്ടെന്നും അവൻ പറഞ്ഞിരുന്നു. എന്നാൽ ഞാനതിന് സമ്മതിച്ചില്ല. നീ ആദ്യത്തെ സെഞ്ചുറി നേടിയതിന് ശേഷം ഞാനത് നിന്നോട് പറയാമെന്നും ഞാൻ അവനോട് പറഞ്ഞു. ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter / Bcci )

” സെഞ്ചുറിയ്ക്ക് വേണ്ടി അവൻ സിംഗിളുകൾ നേടുകയില്ലെന്ന് എനിക്കറിയാമായിരുന്നു. മനോഹരമായാണ് അവൻ ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആ നാഴികക്കല്ല് പിന്നിടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഐ പി എൽ പോലൊരു ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ സെഞ്ചുറി നേടുകയെന്നത് വലിയ കാര്യമാണ്. അവൻ ഇന്നീ സെഞ്ചുറി അർഹിച്ചിരുന്നു. ” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനെ 46 റൺസ് നേടിയ ശിവം ദുബെ, 40 റൺസ് നേടിയ രാഹുൽ തിവാട്ടിയ എന്നിവരാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ബാംഗ്ലൂരിന് വേണ്ടി മൊഹമ്മദ് സിറാജ്, ഹർഷാൽ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ഏപ്രിൽ 25 ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )