Skip to content

പതിനാലാം സീസണിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായി സിറാജ്

ഓപ്പണിങ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും യുവ താരം ദേവ്ദത്ത് പടിക്കലും പുറത്താകാതെ കളംനിറഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ അനായാസം വിജയത്തിലേക്ക് നടന്നുകയറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ശേഷിക്കെ വിക്കറ്റ് നഷ്ടം കൂടാതെ ബാംഗ്ലൂർ മറികടന്നു.

52 പന്തിൽ 6 സിക്സും 11 ഫോറും ഉൾപ്പെടെ പുറത്താകാതെ 101 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ ഈ സീസണിൽ തന്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. നായകൻ വിരാട് കോലി 47 പന്തിൽ 3 സിക്സും 6 ഫോറുമുൾപ്പെടെ 72 റൺസെടുത്തു പുറത്താകാതെ നിന്നു. വിരാട് കോഹ്ലി – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് അക്ഷരാത്ഥത്തിൽ രാജസ്ഥാനെ നിഷ്പ്രഭരാക്കി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച പടിക്കലിന്റെ പ്രകടനം ബാംഗ്ലൂരിന് കാര്യങ്ങൾ എളുപ്പമാക്കി. 

ചെയ്‌സിങ് കിങ് വിരാട് കോഹ്‌ലിക്ക് സ്‌ട്രൈക് റൊട്ടേറ്റ് ചെയ്യേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് തോന്നിപ്പിച്ചയിടത്ത് നിന്ന് ശിവം ദുബെ (32 പന്തില്‍ 46), രാഹുല്‍ തെവാത്തിയ (23 പന്തില്‍ 40) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ടീമിനെ കരകയറ്റിയത്. അഞ്ച് ഓവർ പിന്നിട്ടപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിലായിരുന്നു രാജസ്ഥാൻ.

ബൗളിങ്ങിൽ ബാംഗ്ലൂരിന് വേണ്ടി ചുക്കാൻ പിടിച്ചത് യുവ പേസർ മുഹമ്മദ് സിറാജായിരുന്നു. 4 ഓവറിൽ 27 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. ബട്ട്ലർ, മില്ലർ, തെവാട്ടിയ എന്നിവരുടെ വിക്കറ്റാണ് സിറാജ് നേടിയത്. ഈ മത്സരത്തിലെ പ്രകടനത്തോടെ ഈ സീസണിൽ ആദ്യമായി 50 ഡോട്ട് ബോൾ എറിയുന്ന താരമായി സിറാജ് മറിയിരുന്നു.

അമിതമായി റൺസ് വഴങ്ങുന്നതിൽ കഴിഞ്ഞ കുറേ സീസണുകളിൽ പഴിക്കേട്ട സിറാജാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻ ബൗളർമാരുള്ള  പതിനാലാം സീസണിൽ ഇങ്ങനെയൊരു നേട്ടം കൊയ്തത്. ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നിന്നായി 15 ഓവർ ( 90 ബോൾ ) എറിഞ്ഞ സിറാജ് ഇതുവരെ 53  ബോളുകളിൽ ഒരു റൺസും വഴങ്ങിയിട്ടില്ല. 91 റൺസ് മാത്രമാണ് സിറാജ് വിട്ടു നൽകിയത്, ഒപ്പം 5 നിർണായക വിക്കറ്റുകളും നേടിയിട്ടുണ്ട്.15.4 ഓവറിൽ നിന്ന് 49 ഡോട്ട് ബോളുകൾ എറിഞ്ഞ മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടാണ് ഈ ലിസ്റ്റിൽ രണ്ടാമത്.