Skip to content

സെഞ്ചുറി നേടി ദേവ്ദത് പടിക്കൽ, തകർത്തടിച്ച് വിരാട് കോഹ്ലി, രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 10 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ തുടർച്ചയായ നാലാം വിജയം നേടി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ആർ സി ബി മറികടന്നു.

( Picture Source : Twitter / Bcci )

52 പന്തിൽ 11 ഫോറും 6 സിക്സുമടക്കം 101 റൺസ് നേടിയ ദേവ്ദത് പടിക്കലിന്റെയും 47 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം ബാംഗ്ലൂർ നേടിയത്. ഐ പി എല്ലിലെ ദേവ്ദത് പടിക്കലിന്റെ ആദ്യ സെഞ്ചുറിയാണിത്. ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം സെഞ്ചുറി കൂടിയാണിത്. നേരത്തെ പഞ്ചാബ്‌ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസനാണ് സീസണിലെ ആദ്യ സെഞ്ചുറി നേടിയത്.

( Picture Source : Twitter / Bcci )

നേരത്തെ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 32 പന്തിൽ 45 റൺസ് നേടിയ ശിവം ദുബെ, 23 പന്തിൽ 40 റൺസ് നേടിയ രാഹുൽ തിവാട്ടിയ, 16 പന്തിൽ 25 റൺസ് നേടിയ റിയാൻ പരാഗ് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 177 റൺസ് നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 18 പന്തിൽ 21 റൺസ് നേടി പുറത്തായപ്പോൾ ജോസ് ബട്ട്ലർക്ക് 8 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

( Picture Source : Twitter / Bcci )

ആർ സി ബിയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഹർഷാൽ പട്ടേൽ 47 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജാമിസൺ, കെയ്ൻ റിച്ചാർഡ്‌സൺ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / Bcci )

സീസണിലെ ബാംഗ്ലൂരിന്റെ തുടർച്ചയായ നാലാം വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ബാംഗ്ലൂർ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിലെ പരാജയത്തോടെ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. നാല് മത്സരങ്ങളിൽ നിന്നും ഒന്നിൽ മാത്രം വിജയിക്കാനെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടുള്ളൂ.

( Picture Source : Twitter / Bcci )