Skip to content

ആ ബോൾ റസ്സൽ ഡിഫെൻഡ് ചെയ്‌തിരുന്നെങ്കിൽ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചേനെ ; ഗൗതം ഗംഭീർ

സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കാനുള്ള സുവർണാവസരമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ആന്ദ്രെ റസ്സൽ നഷ്ടപെടുത്തിയതെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ. ഇനി ഇത്തരത്തിലുള്ള അവസരങ്ങൾ ലഭിക്കില്ലയെന്നും പുറത്തായതിൽ റസ്സലിന് അതിയായ നിരാശയുണ്ടാകുമെന്നും റസ്സൽ പുറത്താകാതിരുന്നെങ്കിൽ 17 ഓവറിനുള്ളിൽ കൊൽക്കത്ത വിജയിച്ചേനെയെന്നും മത്സരശേഷം ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter / Bcci )

221 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പവർപ്ലേയിൽ 31 റൺസിന് 5 വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ട്ടപെട്ടിരുന്നു. തുടർന്ന് ക്രീസിലെത്തിയ ആന്ദ്രെ റസ്സലാണ് കൊൽക്കത്തയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. 21 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ റസ്സൽ 22 പന്തിൽ 3 ഫോറും 6 സിക്സുമടക്കം 54 റൺസ് നേടിയാണ് പുറത്തായത്. നാടകീയമായാണ് മത്സരത്തിൽ റസ്സൽ പുറത്തായതും. സാം കറാൻ എറിഞ്ഞ 12 ആം ഓവറിലെ രണ്ടാം പന്ത്‌ വൈഡ് ആകുമെന്ന് കരുതി റസ്സൽ ഒഴിഞ്ഞുമാറി. എന്നാൽ പന്ത്‌ നേരെ വന്ന് പതിച്ചതാകട്ടെ ലെഗ് സ്റ്റമ്പിന് മുകളിലേക്കും. റസ്സൽ പുറത്തായ ശേഷവും മത്സരത്തിൽ കൊൽക്കത്ത തോൽവി സമ്മതിച്ചില്ല. 24 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 40 റൺസ് നേടിയ ദിനേശ് കാർത്തിക്കും 34 പന്തിൽ 4 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 66 റൺസ് നേടിയ പാറ്റ് കമ്മിൻസും അവസാന ഓവർ വരെ കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷ നൽകി.

( Picture Source : Twitter / Bcci )

” താൻ ക്രീസിലുള്ളതിനാൽ ഓഫ് സ്പിന്നർ ഒരിക്കലും പന്തെറിയാൻ എത്തുകയില്ലെന്ന് അവനറിയാം. ഒരോവറിൽ 24 റൺസ്‌ അവൻ നേടികഴിഞ്ഞിരുന്നു. പുറത്തായ ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങവേ സെഞ്ചുറി നേടി ടീമിനെ 16 ആം ഓവറിലോ 17 ആം ഓവറിലോ വിജയത്തിലെത്തിക്കാനുള്ള സുവർണാവസരം താൻ നഷ്ട്ടപെടുത്തിയെന്ന് അവന് തോന്നിയിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ഇത്തരം അവസരങ്ങൾ അധികമായി ലഭിക്കില്ല, കാരണം വാങ്കഡെയിൽ ഇത്രയധികം മത്സരങ്ങൾ കളിക്കാൻ സാധിക്കാറില്ല, അവൻ തകർപ്പൻ ഫോമിലായിരുന്നു. പുറത്തായതിൽ അവന് കുറ്റബോധമുണ്ടാകും. ആ ബോളിൽ അവൻ ഡിഫെൻഡ് ചെയ്തിയിരുന്നുവെങ്കിൽ കെ കെ ആർ മത്സരം തീർച്ചയായും വിജയിച്ചേനെ. ” ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter / Bcci )

” ആ പന്തൊരുതരത്തിൽ കബളിപ്പിക്കലായിരുന്നു. നല്ലൊരു തന്ത്രമായിരുന്നു അത്, കാരണം മുഴുവൻ ഫീൽഡർമാരെയും നിർത്തിയിരുന്നത് ഓഫ് സ്റ്റമ്പിന് വെളിയിൽ പന്തെറിയുന്ന രീതിയിലായിരുന്നു. താക്കൂർ അത്തരത്തിൽ പന്തെറിഞ്ഞതിനാൽ റസ്സലും തയ്യാറായിരുന്നു. എന്നാൽ സാം കറാൻ എന്തുകൊണ്ടോ ലെഗ് സ്റ്റാമ്പിനെ അറ്റാക്ക് ചെയ്തു. റസ്സൽ ഒഴിഞ്ഞുമാറിയത് അവൻ അത് പ്രതീക്ഷിക്കാതിരുന്നതിനാലാണ്. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

സീസണിലെ കൊൽക്കത്തയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്. പോയിന്റ് ടേബിളിൽ നാല് മത്സരങ്ങളിൽ ഒരു വിജയത്തോടെ പോയിന്റ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണ് കൊൽക്കത്ത. ഏപ്രിൽ 24 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )