Skip to content

മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കൊൽക്കത്തയ്ക്കെതിരായ ചെന്നൈ സൂപ്പർ കിങ്സിന്റെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കവെയായിരുന്നു വീരേന്ദർ സെവാഗിന്റെ പ്രതികരണം. മോർഗൻ മികച്ച ടി20 ക്യാപ്റ്റനല്ലയെന്ന് തുറന്നുപറഞ്ഞ സെവാഗ് തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

തുടർച്ചയായ മൂന്നാം പരാജയമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 19.1 ഓവറിൽ 202 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ട്ടമായി. പവർപ്ലേയിൽ 5 വിക്കറ്റുകൾ നഷ്ട്ടപെട്ട കൊൽക്കത്തയെ 22 പന്തിൽ 54 റൺസ് നേടിയ ആന്ദ്രെ റസ്സൽ, 34 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ പാറ്റ് കമ്മിൻസ്, 24 പന്തിൽ 40 റൺസ് നേടിയ ദിനേശ് കാർത്തിക് എന്നിവരാണ് മത്സരത്തിൽ വിജയപ്രതീക്ഷ നൽകിയത്.

( Picture Source : Twitter / Bcci )

” ഓയിൻ മോർഗനെ മികച്ച ടി20 ക്യാപ്റ്റനായി ഞാൻ കണക്കാക്കുന്നില്ല, ഏകദിന ക്രിക്കറ്റിൽ അവൻ മികച്ച ക്യാപ്റ്റനായി നിങ്ങൾക്ക് തോന്നിയേക്കാം കാരണം അവന്റെ ടീം അത്രയ്ക്കും ശക്തരാണ്. ഒരുപാട് മാച്ച് വിന്നേഴ്‌സ് ഇംഗ്ലണ്ട് ടീമിലുണ്ട്. എന്നാൽ ഐ പി എല്ലിൽ അത്രയ്ക്കും ശക്തമായ ടീം അവനില്ല. ടി20യിൽ അവൻ മികച്ച ക്യാപ്റ്റനാണെന്ന് എനിക്കഭിപ്രായമില്ല. ഇത് രണ്ട് മികച്ച ക്യാപ്റ്റന്മാർ തമ്മിലുള്ള പോരാട്ടമല്ല. മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ” വീരേന്ദർ സെവാഗ് പറഞ്ഞു.

( Picture Source : Twitter / Bcci )

” തീർച്ചയായും മികച്ച ടീമുണ്ടെങ്കിൽ മാത്രമേ മികച്ച ക്യാപ്റ്റനുണ്ടാകൂ. ഈ ടീം ഇംഗ്ലണ്ട് ടീമിനെ പോലെ ശക്തമല്ല. അടുത്ത വർഷം മികച്ച ടീം വളർത്തിയെടുക്കുകയോ അല്ലെങ്കിൽ ഈ ടീമിലെ 2 ബാറ്റ്സ്മാന്മാരും 2 ബൗളർമാരും അസാധാരണ പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്താൽ മാത്രമേ അല്പമെങ്കിലും മെച്ചപ്പെട്ട ടീമായി കൊൽക്കത്തയ്ക്ക് മാറാനും മത്സരങ്ങൾ സ്‌ഥിരമായി വിജയിക്കാനും സാധിക്കൂ. അതിനാൽ ഇപ്പോൾ ഓയിൻ മോർഗ്ഗനെ മികച്ച ടി20 ക്യാപ്റ്റനായി ഞാൻ കണക്കാക്കുന്നില്ല. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

” 2 കോടി രൂപയ്ക്കാണ് മോർഗനെ കൊൽക്കത്ത സ്വന്തമാക്കിയത്. ദിനേശ് കാർത്തിക്ക് കളിക്കാരിൽ വരുത്തിയ മോശം മാറ്റങ്ങൾ മൂലമാണ് മോർഗൻ ക്യാപ്റ്റനാകേണ്ടി വന്നത്. ക്യാപ്റ്റനാക്കാൻ വേണ്ടിയല്ല മോർഗനെ കൊൽക്കത്ത ടീമിലെത്തിച്ചിരുന്നത്. അടിസ്ഥാനവിലയിൽ ലഭിച്ചതുകൊണ്ട് മാത്രമാണ് മോർഗ്ഗനെ അവർ സ്വന്തമാക്കിയത്. എന്നാൽ അടുത്ത സീസണിന് മുൻപായി 12 അല്ലെങ്കിൽ 15 കോടിയ്ക്ക് കൊൽക്കത്ത മാത്രമല്ല മറ്റൊരു ടീമും അവനെ നിലനിർത്താൻ പോകുന്നില്ല. കാരണം അത്രയും വില മോർഗൻ അർഹിക്കുന്നില്ല. ” സെവാഗ് പറഞ്ഞു.

( Picture Source : Twitter / Bcci )