Skip to content

അവസാന ഓവറുകളിൽ നടന്നത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടം, 20 ഓവർ വരെ നീണ്ടിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ ; എം എസ് ധോണി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ കണ്ടത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ക്യാപ്റ്റനെന്ന ഒന്നും ചെയ്യാനാകില്ലയെന്നും മത്സരത്തിൽ നടന്നത് നേർക്കുനേരുള്ള പോരാട്ടമാണെന്നും മത്സരശേഷം എം എസ് ധോണി പറഞ്ഞു. ആവേശപോരാട്ടത്തിൽ 18 റൺസിനാണ് കൊൽക്കത്തയെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെടുത്തിയത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 19.1 ഓവറിൽ 202 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒരു ഘട്ടത്തിൽ 31 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടപെട്ട ശേഷമാണ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരിച്ചെത്തിയത്. 22 പന്തിൽ 54 റൺസ് നേടിയ ആന്ദ്രേ റസ്സൽ, 34 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ പാറ്റ് കമ്മിൻസ്, 24 പന്തിൽ 40 റൺസ് നേടിയ ദിനേശ് കാർത്തിക്ക് എന്നിവർ കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും തുടക്കത്തിൽ നഷ്ട്ടപെട്ട വിക്കറ്റുകൾ ടീമിന് തിരിച്ചടിയായി. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ നാല് വിക്കറ്റും ലുൻകി എഞ്ചിഡി മൂന്ന് വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 60 പന്തിൽ പുറത്താകാതെ 95 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസിന്റെയും 42 പന്തിൽ 64 റൺസ് നേടിയ ഋതുരാജ് ഗയ്ക്വാദിന്റെയും മികവിലാണ് വമ്പൻ സ്കോർ നേടിയത്.

( Picture Source : Twitter / Bcci )

” ഇത്തരം മത്സരങ്ങളിൽ ക്യാപ്റ്റൻസി വളരെ എളുപ്പമാണ്, 16 ആം ഓവർ മുതൽ പോരാട്ടം ഫാസ്റ്റ് ബൗളറും ബാറ്റ്‌സ്മാനും തമ്മിലായിരുന്നു. നിങ്ങൾക്ക് അധികമായി ഒന്നും ചെയ്യാൻ സാധിക്കില്ല, ഫീൽഡിങിൽ മാറ്റം വരുത്തിയിട്ടും കാര്യമില്ല. പോരാട്ടം നീയും ഞാനുമെന്ന നിലയിലായിരുന്നു.അൽപ്പം നന്നായി പദ്ധതികൾ പൂർത്തികരിച്ച ടീമാണ് മത്സരത്തിൽ വിജയിച്ചത്. എന്നാൽ അവരുടെ കയ്യിൽ വിക്കറ്റ് ഉണ്ടായിരുന്നുവെങ്കിലോ 20 ഓവർ വരെ മത്സരം നീണ്ടിരുന്നെങ്കിൽ കാര്യങ്ങൾ മറിച്ചായേനെ ” ധോണി പറഞ്ഞു.

( Picture Source : Twitter / Bcci )

” ഒരുപാട് ഞാൻ കണ്ടുകഴിഞ്ഞു, നിങ്ങൾ കൂടുതൽ റൺസ് സ്കോർ ചെയ്തുവെന്ന് കരുതി എതിർ ടീം സ്കോർ ചെയ്യാതിരിക്കില്ല, മികച്ച സ്കോർ ലഭിച്ചുവെങ്കിലും വിനയത്തോടെ കളിക്കാനാണ് ഞാൻ കളിക്കാരോട് ആവശ്യപെട്ടത്. തുടക്കത്തിൽ തന്നെ കൂടുതൽ വിക്കറ്റുകൾ നേടാൻ ആഗ്രഹിക്കുന്നില്ല, 200 മുകളിലാണ് വിജയലക്ഷ്യം ബിഗ് ഹിറ്റേഴ്‌സ് എത്തിയാൽ അവർ ഒരേയൊരു രീതിയിലൂടെ മാത്രമേ കളിക്കൂ, അതാണ് റസ്സൽ ഇന്ന് ചെയ്തത്, അതിൽ നിങ്ങൾക്കൊന്നും ചെയ്യാനാകില്ല. ” ധോണി കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. മത്സരത്തിലെ വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഏപ്രിൽ 25 ന് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )