Skip to content

വെടിക്കെട്ട് പ്രകടനത്തോടെ ഹാർദിക്‌ പാണ്ഡ്യയ്ക്കൊപ്പം അപൂർവ റെക്കോർഡിൽ പാറ്റ് കമ്മിൻസും, മുന്നിലുള്ളത് ക്രിസ് ഗെയ്ൽ മാത്രം

ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും പാറ്റ് കമ്മിന്‍സിന്റെയും ആന്ദ്രെ റസ്സലിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും വീരോചിത പോരാട്ടത്തിലൂടെ വിജയത്തിന്റെ പടിവാതില്‍ വരെയെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 18 റണ്‍സിന്റെ തോല്‍വി. പവർ പ്ലേ അവസാനിക്കും മുമ്പേ 31 റൺസിൽ 5 വിക്കറ്റ് നഷ്ട്ടപ്പെട്ട കൊൽക്കത്ത അനായാസം തോൽക്കുമെന്ന് കരുതിയ ഇടത്താണ് ട്വിസ്റ്റുകളുമായി ഇവരെത്തിയത്.

ചെന്നൈ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.1 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടായി. ആറാം വിക്കറ്റിലെ ആന്ദ്രേ റസ്സലിന്റെയും കാർത്തിക്കിന്റെയും 81 റൺസ് കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു. എന്നാൽ ഇടവേളകളിൽ വിക്കറ്റ് വീണതോടെ വിജയം ചെന്നൈ ഉറപ്പിക്കുകയായിരുന്നു.

റസ്സല്‍ 22 പന്തില്‍ നിന്ന് ആറു സിക്സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്തു. 24 പന്തില്‍ നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തിയ ദിനേശ് കാര്‍ത്തിക് 40 റണ്‍സ് എടുത്തു. 34 പന്തില്‍ ആറു സിക്സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

തന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ കമ്മിൻസ് അപൂർവ്വ റെക്കോർഡിൽ മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം എത്തിയിരിക്കുകയാണ്. പതിനാറാം ഓവറിൽ സാം കറനെതിരെ 4 സിക്സുകൾ പറത്തിയതാണ് ഈ റെക്കോർഡിൽ കമ്മിൻസിനെ ഹാർദികിനൊപ്പം എത്താൻ അർഹനാക്കിയത്.

ഇതോടെ ഐപിഎലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ തവണ 4 സിക്സുകൾ അടിച്ചവരുടെ ലിസ്റ്റിൽ രണ്ടാമതെത്തിയിരിക്കുകയാണ് പേസ് ബൗളർ കമ്മിൻസ്. ഹാർദിക് പാണ്ഡ്യയും കമ്മിൻസും രണ്ടും തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. യുഎഇയിൽ നടന്ന 2020 ഐപിഎൽ സീസണിൽ ബുംറയ്ക്കെതിരെ കമ്മിൻസ് 4 സിക്സുകൾ നേടിയിരുന്നു. ലിസ്റ്റിൽ ഒന്നാമതുള്ളത് സാക്ഷാൽ ക്രിസ് ഗെയ്‌ലാണ്. ഈ നേട്ടം 10 തവണ നേടി ഈ ലിസ്റ്റിൽ ഗെയ്ൽ ബഹുദൂരം മുന്നിൽ നിൽക്കുന്നു.