Skip to content

ചെന്നൈയെ വിറപ്പിച്ച് കമ്മിൻസും റസ്സലും, ആവേശപോരാട്ടത്തിൽ ധോണിയ്ക്കും കൂട്ടർക്കും തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 18 റൺസിന് പരാജയപെടുത്തി തുടർച്ചയായി മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 19.1 ഓവറിൽ 202 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

( Picture Source : Twitter / Bcci )

പവർ 5 വിക്കറ്റുകൾ നഷ്ട്ടപെട്ട ശേഷമാണ് കൊൽക്കത്ത മത്സരത്തിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. 22 പന്തിൽ 3 ഫോറും 6 സിക്സുമടക്കം 54 റൺസ് നേടി ഫോമിൽ തിരിച്ചെത്തിയ ആന്ദ്രെ റസ്സലാണ് കൊൽക്കത്തയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. റസ്സൽ പുറത്തായ ശേഷം 24 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 40 റൺസ് ദിനേശ് കാർത്തിക്കും കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷ നൽകിയിരുന്നു.

( Picture Source : Twitter / Bcci )

ഇരുവരും പുറത്തായ ശേഷം ഏറെക്കുറെ വിജയമുറപ്പിച്ച ചെന്നൈയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ച പ്രകടനമാണ് ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചത്. സാം കറാൻ എറിഞ്ഞ പതിനാറാം ഓവറിൽ 30 റൺസാണ് കമ്മിൻസ്‌ നേടിയത്. 23 പന്തിൽ ഫിഫ്റ്റി നേടിയ കമ്മിൻസ് 34 പന്തിൽ 4 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 66 റൺസ് നേടിയിരുന്നു.

( Picture Source : Twitter / Bcci )

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി നാലോവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറും, നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എഞ്ചിഡിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 60 പന്തിൽ 9 ഫോറും 4 സിക്സുമുൾപ്പടെ 95 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസിന്റെയും 42 പന്തിൽ 6 ഫോറും 4 സിക്സുമടക്കം 64 റൺസ് നേടിയ ഋതുരാജ് ഗയ്ക്വാദിന്റെയും മികവിലാണ് വമ്പൻ സ്കോർ നേടിയത്. മൊയിൻ അലി 12 പന്തിൽ 25 റൺസും ക്യാപ്റ്റൻ എം എസ് ധോണി 8 പന്തിൽ 17 റൺസും നേടി. കൊൽക്കത്തയ്ക്ക് വേണ്ടി നാലോവറിൽ 27 റൺസ് വഴങ്ങിയ ഒരു വിക്കറ്റ് നേടിയ വരുൺ ചക്രവർത്തി മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

( Picture Source : Twitter / Bcci )

വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

( Picture Source : Twitter / Bcci )