Skip to content

സൗത്താഫ്രിക്കയുടെ രക്ഷകനായി ഡിവില്ലിയേഴ്സ് തിരിച്ചെത്തും, സൂചന നൽകി താരം, ആരാധകർ ആവേശത്തിൽ

ഈ വർഷം ഇന്ത്യയിൽ നടക്കാനിരുക്കുന്ന ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയേക്കുമെന്ന സൂചനനൽകി എ ബി ഡിവില്ലിയേഴ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരശേഷമാണ് തിരിച്ചുവരവിനെ കുറിച്ച് ഡിവില്ലിയേഴ്സ് മാധ്യപ്രവർത്തകരോട് വെളിപ്പെടുത്തിയത്.

( Picture Source : Twitter / Bcci )

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 34 പന്തിൽ 9 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 76 റൺസ് ഡിവില്ലിയേഴ്സ് നേടിയിരുന്നു. ഡിവില്ലിയേഴ്സിനൊപ്പം 49 പന്തിൽ 78 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും മികവിൽ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 204 റൺസ് നേടുകയും മറുപടി ബാറ്റിങിനിറങ്ങിയ കൊൽക്കത്തയെ 166 റൺസിൽ ചുരുക്കികെട്ടി 38 റൺസിന്റെ വിജയം നേടുകയും ചെയ്തു.

( Picture Source : Twitter / Bcci )

” ഐ പി എല്ലിനിടെ ഏതെങ്കിലുമൊരു സമയത്ത് ഞങ്ങൾ ഇതിനെകുറിച്ച് ചർച്ചചെയ്യാനിരിക്കുകയാണ്. മടങ്ങിവരവിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചുകഴിഞ്ഞു. കഴിഞ്ഞ വർഷം മടങ്ങിവരവിൽ താല്പര്യമുണ്ടോയെന്ന് ബൗച്ചർ എന്നോട് ചോദിച്ചിരുന്നു, തീർച്ചയായും ഉണ്ടെന്നാണ് ഞാൻ മറുപടി നൽകിയത്. ഐ പി എല്ലിന്റെ അവസാനം എന്റെ ഫോമും ഫിറ്റ്നസും നോക്കിയായിരിക്കും ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമെടുക്കുക. ” ഡിവില്ലിയേഴ്സ് പറഞ്ഞു.

( Picture Source : Twitter / Bcci )

” അതുമാത്രമല്ല, ടീമിലെയും സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളായി ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നവരെ പരിഗണിക്കേണ്ടതുണ്ട്. എനിക്ക് ടീമിൽ സ്‌പേസില്ലയെങ്കിൽ അതവിടെ അവസാനിക്കും, എന്നാൽ എല്ലാം ശരിയായി വന്നാൽ നന്നായിരിക്കും. ഐ പി എല്ലിന്റെ അവസാനം ബൗച്ചറുമായി സംസാരിക്കാൻ കാത്തിരിക്കുന്നു, അതിനുശേഷമായിരിക്കും ഞങ്ങൾ പദ്ധതികൾ ആസൂത്രണം ചെയ്യുക. ” ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് മാറ്റിവെച്ചത്. ഈ വർഷവസാനം ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. സൗത്താഫ്രിക്കൻ ടീമിനെ ശക്തരാക്കാൻ തന്റെ സാന്നിധ്യം കൊണ്ട് സാധിക്കുമെങ്കിൽ മടങ്ങിവരാൻ തയ്യാറാണെന്ന് ഡിവില്ലിയേഴ്സ് അറിയിച്ചതായി മാർക്ക് ബൗച്ചർ വെളിപ്പെടുത്തിയിരുന്നു. വളരെ മോശം പ്രകടനമാണ് നിലവിൽ സൗത്താഫ്രിക്ക കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാനെതിരായ ടി20 പരമ്പര 3-1 ന് പരാജയപെട്ട സൗത്താഫ്രിക്ക നിലവിൽ ഐസിസി ടി20 റാങ്കിങിൽ ആറാം സ്ഥാനത്താണുള്ളത്.

2019 ലോകകപ്പിന് ശേഷം നടന്ന 41 ടി20 മത്സരങ്ങളിൽ നിന്നും 46.60 ശരാശരിയിൽ 162.55 സ്‌ട്രൈക്ക് റേറ്റിൽ 15 ഫിഫ്റ്റി ഡിവില്ലിയേഴ്സ് നേടിയിട്ടുണ്ട്‌. കഴിഞ്ഞ ഐ പി എല്ലിൽ 14 ഇന്നിങ്സിൽ നിന്നും 454 റൺസ് നേടിയ ഡിവില്ലിയേഴ്സ് ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 189.39 സ്‌ട്രൈക്ക് റേറ്റിൽ 125 റൺസ് നേടികഴിഞ്ഞു.

( Picture Source : Twitter / Bcci )