Skip to content

ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ പന്തിൽ 13 ഫോറും 2 സിക്സുമടക്കം 92 റൺസ് ധവാൻ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ പിന്നിലാക്കി ഓറഞ്ച് ക്യാപും ധവാൻ സ്വന്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റിലെ മോശം സ്‌ട്രൈക്ക് റേറ്റിന് പഴികേട്ടിട്ടുള്ള ധവാൻ കഴിഞ്ഞ മൂന്ന് സീസണുകളിലായി തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടി20 ക്രിക്കറ്റിലെ തൻ്റെ ഈ മാറ്റത്തിന് പിന്നിലെ കാരണവും മത്സരശേഷം ധവാൻ വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ്‌ വിജയിച്ചത്. 36 പന്തിൽ 69 റൺസ് നേടിയ മായങ്ക് അഗർവാൾ, 51 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവരുടെ മികവിൽ പഞ്ചാബ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. 49 പന്തിൽ 92 റൺസ് നേടിയ ശിഖാർ ധവാനൊപ്പം 17 പന്തിൽ 32 റൺസ് നേടിയ പൃഥ്വി ഷാ, 13 പന്തിൽ 27 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / Bcci )

” സ്‌ട്രൈക്ക് റേറ്റ് വർധിപ്പിക്കാൻ ഞാൻ ബോധപൂർവ്വമായി ശ്രമിക്കുന്നുണ്ട്, അതിനായി കൂടുതൽ റിസ്ക് എടുക്കാനും ഞാൻ ആരംഭിച്ചു. എനിക്ക് മാറ്റങ്ങളോട് ഭയമില്ല, മാറ്റങ്ങളെ ഞാൻ എപ്പോഴും സ്വാഗതം ചെയ്യുന്നു. നെറ്റ്സിൽ അത് നന്നായി പരിശീലിച്ചശേഷമാണ് ഞാൻ മത്സരങ്ങളിൽ കളിക്കുന്നത്. ഔട്ടാകുമെന്ന ഭയവും എനിക്കിപ്പോളില്ല. ” ശിഖാർ ധവാൻ പറഞ്ഞു.

( Picture Source : Twitter / Bcci )

” ലെഗ് സൈഡ് ഷോട്ടുകൾ ഞാനിപ്പോൾ കൂടുതലായി പരിശീലിക്കുന്നു. ക്രീസിൽ ബൗളർമാരുടെ പേസ് ഉപയോഗപെടുത്തി ഞാൻ ബൗണ്ടറികൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഓരോ ബൗളർക്കും പ്രത്യേകമായാണ് ഞാൻ പദ്ധതികൾ കണക്കുകൂട്ടുന്നത്. എന്റെ സ്ലോഗ് ഷോട്ട് വളരെയധികം മെച്ചപ്പെട്ടു. ഇപ്പോൾ ഞാൻ സ്വസ്ഥതയോടെയാണ് ബാറ്റ് ചെയ്യുന്നത്. ഈ സമയങ്ങളിൽ സ്വസ്ഥത അനുഭവിക്കാൻ സാധിച്ചില്ലയെങ്കിൽ പിന്നെ എപ്പോഴാണ് അതിന് സാധിക്കുക ? ഷായ്ക്കൊപ്പമുള്ള ബാറ്റിങ് ഞാൻ ആസ്വദിക്കുന്നു. ടീമിൽ നിർണായക ഭാഗമാകാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ” ധവാൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്‌മാനായി ധവാൻ മാറി. 5347 റൺസ് നേടിയ ഡേവിഡ് വാർണറെയാണ് ധവാൻ പിന്നിലാക്കിയത്. മത്സരത്തിലെ പ്രകടനമടക്കം 5383 റൺസ് ഐ പി എല്ലിൽ ധവാൻ നേടിയിട്ടുണ്ട്. കൂടാതെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും ധവാൻ സ്വന്തമാക്കി.

( Picture Source : Twitter / Bcci )