Skip to content

ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ സീസണിലെ ആദ്യ മത്സരത്തിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ നിഷേധിച്ച് ക്രിസ് മോറിസിന് സ്‌ട്രൈക്ക് കൈമാറാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഈ സംഭവം വഴിവെച്ചിരുന്നു. തൊട്ടടുത്ത മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ക്രിസ് മോറിസ് രാജസ്ഥാനെ വിജയത്തിലെത്തിച്ചതും ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. ഒടുവിൽ മോറിസിന് സ്‌ട്രൈക്ക് കൈമാറാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസൺ.

( Picture Source : Twitter / Bcci )

പഞ്ചാബിനെതിരായ മത്സരത്തിൽ അവസാന 2 പന്തിൽ 5 റൺസ് വേണമെന്നിരിക്കെയാണ് സഞ്ജു സാംസൺ വേണ്ടെന്നുവെച്ചത്. തുടർന്ന് അവസാന പന്തിൽ ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിനിടെ സഞ്ജു പുറത്താകുകയും പഞ്ചാബ് 4 റൺസിന് വിജയിക്കുകയും ചെയ്തു. രാജസ്ഥാൻ റോയൽസിന്റെ ടീം ഡയറക്ടർ കൂടിയായ കുമാർ സംഗക്കാര അടക്കമുള്ളവർ സഞ്ജുവിനെ പിന്തുണച്ചപ്പോൾ സൗത്താഫ്രിക്കൻ ബൗളർ ഡെയ്ൽ സ്റ്റെയ്ൻ അടക്കമുള്ളവർ മോറിസിന് സ്‌ട്രൈക്ക് കൈമാറാമായിരുന്നുവെന്ന് അഭിപ്രായപെട്ടിരുന്നു. ഡൽഹിയ്ക്കെതിരായ മോറിസിന്റെ തകർപ്പൻ പ്രകടനത്തിന് ശേഷവും തന്റെ നിലപാടിൽ സഞ്ജു ഉറച്ചുനിന്നിരുന്നു. ഇനി നൂറ് തവണ ആ മത്സരം കളിക്കാൻ അവസരം ലഭിച്ചാലും സിംഗിൾ എടുക്കുകയില്ലെന്നാണ് സഞ്ജു മത്സരശേഷം പ്രതികരിച്ചത്.

( Picture Source : Twitter / Bcci )

” ക്രിക്കറ്റ് അതിവേഗത്തിൽ മാറികൊണ്ടിരിക്കുകയാണ്, ഭാവിയിൽ അത്തരം സാഹചര്യങ്ങളിൽ ഒരു ബാറ്റ്‌സ്മാനും സിംഗിളിന് ശ്രമിക്കുകയില്ല. ഒരു ബാറ്റ്‌സ്മാൻ പ്രത്യേക ബൗളറെ നന്നായി നേരിടുന്നുവെങ്കിൽ ആ ബാറ്റ്‌സ്മാൻ തന്നെയാകണം സ്‌ട്രൈക്കിൽ വരേണ്ടത്. അതിൽ യാതൊരു അഹംഭാവമോ മറ്റോ ഇല്ല. അതാ നിമിഷത്തെ ആവശ്യകത മാത്രമാണ്, ടീമിന്റെ വിജയതിനാണ് പ്രാധാന്യം. ” സഞ്ജു പറഞ്ഞു.

( Picture Source : Twitter / Bcci )

” ഈ സാഹചര്യം ഉരുതിരിയുന്നതിന് മുൻപേ ഞാൻ ഇക്കാര്യം മോറിസുമായി സംസാരിച്ചിരുന്നു. 19 ആം ഓവറിന് മുൻപേ തന്നെ ഞാനായിരിക്കും കൂടുതൽ പന്തുകൾ നേരിടുകയെന്ന് അവനോട് പറഞ്ഞിരുന്നു. സിക്സോ ഫോറോ നേടിയില്ലെങ്കിൽ പോലും ഡബിളോടി സ്‌ട്രൈക്ക് എനിക്ക് നിലനിർത്തണമെന്ന് അവനോട് ആവശ്യപെട്ടിരുന്നു. ” സഞ്ജു കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

” അവസാന ഓവറിലും ഇതുതന്നെയാണ് ഞങ്ങളും ചെയ്‍തത്. ഇക്കാര്യം മോറിസിന് വ്യക്തമായിരുന്നു, അതുകൊണ്ട് മത്സരശേഷം ഞാനവനോട് തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടി വന്നില്ല. ഞങ്ങളിരുവർക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ക്രിക്കറ്റ് വളരെ രസകരമായ കളിയാണ്. ആദ്യ മത്സരത്തിൽ നന്നായി ബോൾ സ്‌ട്രൈക്ക് ചെയ്ത ഞാൻ തൊട്ടടുത്ത മത്സരത്തിൽ ചെറിയ സ്കോറിന് പുറത്തായി. മോറിസിന്റെ കാര്യം നേരെ തിരിച്ചായിരുന്നു. ആദ്യ മത്സരത്തിൽ ബുദ്ധിമുട്ടിയ അവൻ തൊട്ടടുത്ത മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു. ” സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )