Skip to content

നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അരങ്ങേറ്റ മത്സരം മുതൽ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്ച്ചവെച്ചത്. എന്നാൽ ബിസിസിഐ പുറത്തുവിട്ട വാർഷിക കരാർ ലിസ്റ്റിൽ ഇടം നേടാൻ നടരാജന് സാധിച്ചില്ല. ഇതിനുപുറകെ ബിസിസിഐയെ വിമർശിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ നടരാജനെ കരാർ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത് ബിസിസിഐയുടെ അവഗണനയല്ല അതിനുപിന്നിലെ കാരണം മറ്റൊന്നാണ്.

( Picture Source : Twitter / Bcci )

ബിസിസിഐ പുറത്തുവിട്ട കരാറിൽ ശുഭ്മാൻ ഗിൽ, അക്ഷർ പട്ടേൽ, മൊഹമ്മദ് സിറാജ് എന്നിവരാണ് പുതുതായി ഇടം നേടിയ താരങ്ങൾ. ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരാണ് കരാർ ലിസ്റ്റിൽ A+ ഗ്രേഡിലുള്ളത്. 7 കോടിയാണ് ഈ ഗ്രേഡിലുള്ളവർക്ക് ലഭിക്കുക. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ശിഖാർ ധവാൻ, കെ എൽ രാഹുൽ, മൊഹമ്മദ് ഷാമി, ഇഷാന്ത് ശർമ്മ, റിഷാബ് പന്ത്‌, ഹാർദിക് പാണ്ഡ്യ എന്നിവരാണ് 5 കോടി ലഭിക്കുന്ന ഗ്രേഡ് A ലിസ്റ്റിലുള്ളവർ. മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവരാണ് കരാർ ലിസ്റ്റിൽ നിന്നും പുറത്തായ താരങ്ങൾ.

( Picture Source : Twitter / Bcci )

ഓസ്ട്രേലിയൻ പര്യടനത്തോടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ടി നടരാജൻ ഒരു ടെസ്റ്റിലും 2 ഏകദിനത്തിലും 4 ടി20 മത്സരങ്ങളിലുമാണ് കളിച്ചിട്ടുള്ളത്. എന്നാൽ ബിസിസിഐ കരാറിൽ ഇടം നേടാൻ ഇന്ത്യയ്ക്ക് വേണ്ടി മിനിമം മൂന്ന് ടെസ്റ്റിലോ 8 ഏകദിനങ്ങളിലോ 10 ടി20 മത്സരങ്ങളിലോ താരങ്ങൾ കളിച്ചിരിക്കണം. ഓസ്‌ട്രേലിയൻ പര്യടനത്തിൽ മൂന്ന് ടെസ്റ്റിൽ കളിച്ചതിനാലാണ് യുവതാരം ശുഭ്മാൻ ഗിൽ ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗ്രേഡ് C യിൽ ഉൾപെട്ടത്.

( Picture Source : Twitter / Bcci )

ഗില്ലിനെ കൂടാതെ കുൽദീപ് യാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചഹാർ, ഹനുമാ വിഹാരി, അക്ഷർ പട്ടേൽ, ശ്രേയസ്‌ അയ്യർ, വാഷിങ്ടൺ സുന്ദർ, യുസ്‌വെന്ദ്ര ചഹാൽ, മൊഹമ്മദ് സിറാജ് എന്നിവരാണ് ഒരു കോടി ലഭിക്കുന്ന ഗ്രേഡ് C യിലുള്ള താരങ്ങൾ.

( Picture Source : Twitter / Bcci )

വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഉമേഷ്‌ യാദവ്, ഭുവനേശ്വർ കുമാർ, ഷാർദുൽ താക്കൂർ, മായങ്ക് അഗർവാൾ എന്നിവരാണ് 3 കോടി പ്രതിഫലം ലഭിക്കുന്ന ഗ്രേഡ് ബി യിലുള്ള താരങ്ങൾ.

( Picture Source : Twitter / Bcci )