Skip to content

ഡൽഹിയ്ക്ക് തിരിച്ചടിയായത് പന്തിന്റെ മോശം ക്യാപ്റ്റൻസി, വിമർശനവുമായി മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ പരാജയപെട്ടതിന് കാരണം റിഷാബ് പന്തിന്റെ മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം അജയ്‌ ജഡേജ. പന്തിന്റെ ഡിഫൻസീവ് ശൈലിയാണ് ഡൽഹിയ്ക്ക് തിരിച്ചടിയായതെന്ന് പറഞ്ഞ അജയ് ജഡേജ മത്സരത്തിൽ പന്ത്‌ വരുത്തിയ പിഴവുകളും ചൂണ്ടിക്കാട്ടി.

( Picture Source : Twitter/ Bcci )

148 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവേ ഒരു ഘട്ടത്തിൽ 42 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ രാജസ്ഥാൻ റോയൽസിന് നഷ്ടപെട്ടിരുന്നു. എന്നാൽ 43 പന്തിൽ 62 റൺസ് നേടിയ ഡേവിഡ് മില്ലറുടെയും 18 പന്തിൽ പുറത്താകാതെ 36 റൺസ് നേടിയ ക്രിസ് മോറിസും രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം സമ്മാനിക്കുകയും ചെയ്തു. മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ പതിമൂന്നം ഓവറോടെയാണ് മത്സരത്തിൽ രാജസ്ഥാൻ തിരിച്ചെത്തിയത്. ഓവറിൽ 15 റൺസ് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ വഴങ്ങിയിരുന്നു. തൊട്ടടുത്ത ഓവർ എറിഞ്ഞ ടോം കറാൻ 12 റൺസ് വഴങ്ങുകയും ചെയ്തു.

( Picture Source : Twitter/ Bcci )

” മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ ആ ഓവറോടെയാണ് രാജസ്ഥാൻ ചേസിങ് ആരംഭിച്ചത്. അതിനുമുൻപ് അവരുടെ 55/5 എന്നായിരുന്നു. റബാഡ, ആവേശ് ഖാൻ, ക്രിസ് വോക്‌സ്, അശ്വിൻ അടക്കമുള്ള പ്രധാന ബൗളർമാർ മൂന്നോവർ വീതം എറിഞ്ഞിരുന്നു. അവർ പന്തെറിഞ്ഞപ്പോൾ രാജസ്ഥാന് യാതൊരു സാധ്യതയും ഇല്ലായിരുന്നു. രാജസ്ഥാൻ റോയൽസ് ചെന്നൈയെ പോലെയല്ല, അവസാന ഓവറുകളിൽ പെട്ടെന്ന് റൺസ് കണ്ടെത്താൻ അവർക്ക് സാധിക്കും. അറ്റാക്കിങ് ശൈലിയിൽ നിന്നും പ്രതിരോധിച്ച് കളിക്കാൻ റിഷാബ് പന്ത്‌ തീരുമാനിച്ചതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. ഈ പിഴവിൽ നിന്നും അവൻ പഠിക്കേണ്ടതുണ്ട്. ” അജയ് ജഡേജ പറഞ്ഞു.

( Picture Source : Twitter/ Bcci )

” അശ്വിന് നാലാമത്തെ ഓവർ നൽകാതിരുന്നത് വലിയ തെറ്റാണ്. ആ തീരുമാനത്തിലൂടെ റോയൽസിന് മത്സരത്തിൽ തിരിച്ചെത്താൻ ഡൽഹി അനുവദിച്ചു. പിച്ച് സ്പിന്നർമാർക്ക് അനുകൂലമല്ലായിരുന്നുവെന്നത് ശരിതന്നെ. എന്നാൽ ആ സമയത്ത് ബാറ്റ്‌സ്മാന്മാൻ മേധാവിത്വം പുലർത്താൻ നോക്കിയിരുന്നില്ല. ആദ്യ 16 ഓവറുകളിൽ പ്രധാന ബൗളർമാർ എറിഞ്ഞിരുന്നുവെങ്കിൽ മത്സരത്തിൽ വിജയിക്കാൻ അവർക്ക് സാധിക്കുമായിരുന്നു. വലിയ വിജയലക്ഷ്യമല്ല അവർ ഉയർത്തിയത്. മുംബൈയിലെ പിച്ചിൽ അവസാന ഓവറുകളിൽ അത് മറികടക്കുകയെന്നത് ബാറ്റ്‌സ്മാന്മാരെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ” അജയ് ജഡേജ പറഞ്ഞു.

( Picture Source : Twitter/ Bcci )

” നാല് ഓവറുകൾ മാത്രമായിരുന്നു ടോം കറാനും സ്റ്റോയിനിസിനും വേണ്ടി അവർ മാറ്റിവയ്‌ക്കേണ്ടിയിരുന്നത്. അവസാന ഓവറുകൾ അവർക്കായി മാറ്റിവെച്ചുവെങ്കിൽ 70 റൺസെങ്കിലും അവർക്ക് ഡിഫെൻഡ് ചെയ്യാൻ ഉണ്ടാകുമായിരുന്നു. എന്നാൽ സ്റ്റോയിനിസിനും ടോം കറനും മധ്യഓവറുകളിൽ ബൗളിങ് നൽകി മത്സരത്തിൽ റോയൽസിന് തിരിച്ചെത്താൻ അവർ അവസരമൊരുക്കി ” അജയ് ജഡേജ കൂട്ടിച്ചേർത്തു.

( Picture Source : Twitter/ Bcci )