Skip to content

അവന് ഓവർ നൽകാതിരുന്നത് വലിയ പിഴവ്, റോയൽസിനെതിരെ ഡൽഹി വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ വരുത്തിയ വമ്പൻ പിഴവ് ചൂണ്ടിക്കാട്ടി കോച്ച് റിക്കി പോണ്ടിങ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനാണ് റോയൽസ് വിജയം നേടിയത്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടന്നു.

( Picture Source : Twitter / Bcci )

ഒരു ഘട്ടത്തിൽ 42 റൺസിന് 5 വിക്കറ്റ് വീഴ്ത്തി രാജസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ ഡൽഹിയ്ക്ക് സാധിച്ചുവെങ്കിലും 43 പന്തിൽ 62 റൺസ് നേടിയ ഡേവിഡ് മില്ലറുടെ മികവിൽ റോയൽസ് മത്സരത്തിൽ തിരിച്ചെത്തുകയും അവസാന ഓവറുകളിൽ തകർത്തടിച്ച ക്രിസ് മോറിസ് 18 പന്തിൽ 36 റൺസ് നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. മൂന്ന് വിക്കറ്റ് നേടിയ ആവേശ് ഖാനും, 2 വിക്കറ്റ് വീതം നേടിയ ക്രിസ് വോക്‌സും കഗിസോ റബാഡയും മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ മൂന്നോവറിൽ 14 റൺസ് വഴങ്ങിയ സ്പിന്നർ രവിചന്ദ്രൻ അശ്വിന് മറ്റൊരു ഓവർ നൽകാതിരുന്നത് തങ്ങൾക്ക് തിരിച്ചടിയായെന്ന് കോച്ച് റിക്കി പോണ്ടിങ് പറഞ്ഞു.

( Picture Source : Twitter / Bcci )

” അതിനെകുറിച്ച് തീർച്ചയായും ഞങ്ങൾ ചർച്ചചെയ്യും. മനോഹരമായാണ് അവൻ പന്തെറിഞ്ഞത്. മൂന്നോവറിൽ വെറും 14 റൺസ്, ഒരു ബൗണ്ടറി പോലും അവൻ വഴങ്ങിയതുമില്ല. ആദ്യ മത്സരത്തിൽ അവൻ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. എന്നാൽ ആ മത്സരത്തിന് ശേഷം അവൻ കഠിനമായി പരിശ്രമിക്കുകയും ഈ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അവന് ഓവർ നൽകാതിരുന്നത് ഞങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ തെറ്റാണ്, അതിനെകുറിച്ച് ഞങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ” മത്സരശേഷം റിക്കി പോണ്ടിങ് പറഞ്ഞു.

( Picture Source : Twitter / Bcci )

അവസാന ഓവറുകളിൽ ക്രിസ് മോറിസിന് സ്ലോട്ട് ബോളുകൾ എറിഞ്ഞതും മത്സരത്തിൽ തിരിച്ചടിയായെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. 15 ഓവർ വരെ ഒരു സിക്സ് പോലും പിറക്കാത്ത മത്സരത്തിൽ അവസാന 4.4 ഓവറിൽ 7 സിക്സ് രാജസ്ഥാൻ റോയൽസ് നേടിയിരുന്നു.

( Picture Source : Twitter / Bcci )

” ശരിയായ ലെങ്തിലല്ല മോറിസിനെതിരെ ഞങ്ങൾ പന്തെറിഞ്ഞത്. മത്സരം വീണ്ടും വീക്ഷിച്ചാൽ ശരിയായ യോർക്കറിലും ലെങ്ത് ബോളിലും റൺസ് നേടാൻ അവന് സാധിച്ചിരുന്നില്ല. അവനെതിരെ എങ്ങനെയാണ് പന്തെറിയേണ്ടതെന്ന് ഞങ്ങൾ മത്സരത്തിന് മുൻപ് ചർച്ചചെയ്‌തിരുന്നു. എന്നാൽ ആ പദ്ധതിശരിയായി നിറവേറ്റാൻ സാധിച്ചില്ല. കൂടാതെ രണ്ടാം ഇന്നിങ്സിലെ ഡ്യൂവും ഞങ്ങൾക്ക് തിരിച്ചടിയായി. ബൗളർമാർക്ക് പന്ത്‌ ഗ്രിപ്പ് ചെയ്യുകയെന്നത് എളുപ്പമായിരുന്നില്ല. പന്ത്‌ കയ്യിൽ നിന്നും വഴുതി ബൗളർമാർ ഫുൾ ടോസ് എറിയുന്നത് നമ്മൾ കണ്ടു. എന്നാൽ ഇതെല്ലാം ഐ പി എല്ലിന്റെ ഭാഗമാണ്. ഡ്യൂ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, എന്നാൽ അതിനനുസരിച്ച് കളിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ” റിക്കി പോണ്ടിങ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )