Skip to content

100 തവണ ആ മത്സരം കളിക്കാൻ സാധിച്ചാലും ആ സിംഗിൾ ഞാൻ എടുക്കുകയില്ല ; സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ ആദ്യ മത്സരത്തിൽ സഹതാരം ക്രിസ് മോറിസിനെ സ്‌ട്രൈക്ക് നൽകാതെ സിംഗിൾ നിഷേധിച്ച തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ക്രിസ് മോറിസിന്റെ തകർപ്പൻ പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് സഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയത്.

( Picture Source : Twitter/ Bcci )

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 18 പന്തിൽ 4 സിക്സടക്കം പുറത്താകാതെ 36 റൺസ് നേടിയ ക്രിസ് മോറിസും 43 പന്തിൽ 63 റൺസ് നേടിയ ഡേവിഡ് മില്ലറും ചേർന്നാണ് റോയൽസിന് 3 വിക്കറ്റിന്റെ തകർപ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ റോയൽസ് മറികടന്നു. മത്സരത്തിന് ശേഷം സഞ്ജുവുമായുള്ള അഭിമുഖത്തിൽ കമന്റെറ്റർ ഹർഷ ബോഗ്ലെയാണ് കഴിഞ്ഞ മത്സരത്തിൽ ക്രിസ് മോറിസിന് സ്‌ട്രൈക്ക് നൽകാതിരുന്നതിൽ ഖേദിക്കുന്നുണ്ടോയെന്ന ചോദ്യമുന്നയിച്ചത്. പഞ്ചാബിനെതിരായ മത്സരത്തിൽ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു സിംഗിൾ നിഷേധിച്ചത്. തുടർന്ന് അവസാന പന്തിൽ വിജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിൽ സഞ്ജു പുറത്താകുകയും രാജസ്ഥാൻ റോയാൽസ്‌ 4 റണ്ണിന് പരാജയപെടുകയും ചെയ്‌തിരുന്നു.

( Picture Source : Twitter/ Bcci )

” ഞാൻ എല്ലായ്പ്പോഴും എന്റെ പ്രകടനത്തെ കുറിച്ച് റീവ്യൂ ചെയ്യാറുണ്ട്, എന്നാൽ പഞ്ചാബ് കിങ്സിനെതിരായ മത്സരം നൂറുവട്ടം കളിക്കാൻ അവസരം ലഭിച്ചാലും ഞാൻ ആ സിംഗിൾ എടുക്കില്ല. ആ സമയത്ത് എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു ” സഞ്ജു പറഞ്ഞു.

( Picture Source : Twitter/ Bcci )

” തുറന്നുപറഞ്ഞാൽ മത്സരത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിന്നില്ല. 40 റൺസിനിടെ ഞങ്ങൾക്ക് 5 വിക്കറ്റുകൾ നഷ്ട്ടപെട്ടിരുന്നു. മില്ലറും മോറിസും ഞങ്ങൾക്കുണ്ടായിരുന്നു, എന്നാൽ വിജയം ദുഷ്കരമാകുമെന്നാണ് ഞാൻ കരുതിയത്. ഫാസ്റ്റ് ബൗളർമാർ പേസ്‌ നൽകാതെയാണ് പന്തെറിഞ്ഞത്, ആ തന്ത്രം വിജയിക്കുകയും ചെയ്തു. ” സഞ്ജു പറഞ്ഞു.

( Picture Source : Twitter/ Bcci )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ നാലോവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയദേവ്‌ ഉണാഡ്കടാണ് തകർത്തത്. മുസ്തഫിസുർ റഹ്മാൻ 2 വിക്കറ്റും ക്രിസ് മോറിസ് ഒരു വിക്കറ്റും നേടിയിരുന്നു. 32 പന്തിൽ 51 റൺസ് നേടിയ ക്യാപ്റ്റൻ റിഷാബ് പന്ത്‌ മാത്രമാണ് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹിയ്ക്ക് 42 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടപെട്ടുവെങ്കിലും 43 പന്തിൽ 62 റൺസ് നേടിയ ഡേവിഡ് മില്ലർ ടീമിനെ കാരകയറ്റുകയായിരുന്നു. മില്ലർ പുറത്തായ ശേഷം ക്രീസിലെത്തിയ ക്രിസ് മോറിസ് 18 പന്തിൽ 36 റൺസ് നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

( Picture Source : Twitter/ Bcci )