Skip to content

നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിനിടെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശത്തെ കുറിച്ച് തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. കോഹ്ലിയുടെ വാക്കുകൾ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമായെന്നും റിയാൻ പരാഗ് പറഞ്ഞു.

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനായി 20 മത്സരങ്ങളിൽ നിന്നും 271 റൺസ് 19 ക്കാരനായ റിയാൻ പരാഗ് നേടിയിട്ടുണ്ട്‌. ഈ സീസണിലെ ആദ്യ മത്സരത്തിൽ 11 പന്തിൽ നിന്നും ഒരു ഫോറും 3 സിക്സുമടക്കം 25 റൺസ് നേടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു.

( Picture Source : Twitter / Bcci )

” ബാറ്റ് ചെയ്യുവാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലയെങ്കിലും അതെന്നെ ബാധിക്കില്ല. കഴിഞ്ഞ ഐ പി എല്ലിൽ വിരാട് കോഹ്ലിയുമായി എനിക്ക് സംസാരിക്കാൻ സാധിച്ചിരുന്നു. എനിക്ക് ഓറഞ്ച് ക്യാപ് ലഭിക്കാൻ പോകുന്നില്ലയെന്ന് പ്രത്യേകം അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. ഞാൻ അഞ്ചാമനായോ ആറാമനായോ ആണ് ബാറ്റിങിനിറങ്ങുന്നതെന്നും അതുകൊണ്ട് തന്നെ ഓറഞ്ച് ക്യാപിനെ കുറിച്ച് ചിന്തിക്കേണ്ടയെന്നും ടീമിന് വേണ്ടി നേടാനാകുന്ന നിർണായകമായ ഇരുപതോ മുപ്പതോ റൺസിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കുകൾ എന്നെ സ്വാധീനിച്ചു. ഇപ്പോൾ ഞാൻ എത്ര റൺസ് നേടിയെന്നതിനെ കുറിച്ച് ചിന്തിക്കാറില്ല, ഞാൻ നേടിയ റൺസ് ടീമിന് എത്രത്തോളം ഗുണകരമായി എന്നുമാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ” റിയാൻ പരാഗ് പറഞ്ഞു.

( Picture Source : Twitter / Bcci )

” ഐ പി എല്ലിൽ കളിക്കാനാകുന്നത് മാനസികമായി നമ്മളെ ശക്തരാക്കും. നമ്മുടെ സ്റ്റേറ്റിന് വേണ്ടി കളിക്കുമ്പോൾ ഇന്ത്യയിലെ മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ സാധിക്കും. എന്നാൽ ഐ പി എല്ലിലെത്തുമ്പോൾ സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, ജോഫ്രാ ആർച്ചർ തുടങ്ങിയവർക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ അവസരം ലഭിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാണവർ. അതിനൊപ്പം തന്നെ എം എസ് ധോണി, വിരാട് കോഹ്ലി അടക്കമുള്ളവർക്കെതിരെ കളിക്കാനും അവസരം ലഭിക്കുന്നു. ” റിയാൻ പരാഗ് കൂട്ടിച്ചേർത്തു.

” അത്രയും കഴിവുള്ളതുകൊണ്ടുതന്നെയാണ് ഐ പി എല്ലിൽ കളിക്കാൻ ഓരോരുത്തർക്കും അവസരം ലഭിക്കുന്നത്. എന്നാൽ ഐ പി എല്ലിൽ വമ്പൻ ജനക്കൂട്ടത്തിന് മുൻപിൽ കളിക്കുന്നതിലൂടെ കൂടുതൽ മനശക്തി നമുക്ക് ലഭിക്കും. ” റിയാൻ പരാഗ് പറഞ്ഞു.