Skip to content

മത്സരത്തിനിടെ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമെന്തായിരുന്നു, തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൽസരത്തിലെ മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ രാഹുൽ ചഹാറാണ് പരാജയം ഉറപ്പിച്ചുവെന്ന് കരുതിയ മത്സരത്തിൽ ചാമ്പ്യന്മാരെ തിരിച്ചെത്തിച്ചത്. മത്സരത്തിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമെന്തെന്ന് മത്സരശേഷം താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 10 റൺസിനാണ് കൊൽക്കത്തയെ മുംബൈ ഇന്ത്യൻസ് പരാജയപെടുത്തിയത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 142 റൺസ് നേടാനെ സാധിച്ചുള്ളു. ഒരു ഘട്ടത്തിൽ 122 / 3 എന്ന ശക്തമായ നിലയിൽ നിന്നാണ് കൊൽക്കത്ത തകർന്നടിഞ്ഞത്. അവസാന 5 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ 31 റൺസ് മാത്രമായിരുന്നു കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ വെറും 20 റൺസ് മാത്രമാണ് അവസാന അഞ്ചോവറിൽ കൊൽക്കത്തയ്ക്ക് നേടാൻ സാധിച്ചത്.

( Picture Source : Twitter / Bcci )

” രോഹിത് ശർമ്മ കൂടുതലായി ഒന്നും തന്നെ പറയാറില്ല, നീ മികച്ച ബൗളറാണ് ആത്മവിശ്വാസത്തോടെ പന്തെറിയാൻ എപ്പോഴും അദ്ദേഹം പറയാറുണ്ട്. നെറ്റ്സിൽ എന്നെ നേരിടുമ്പോൾ ചില സമയങ്ങളിൽ ബുദ്ധിമുട്ടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മത്സരത്തിൽ ബോൾ ടേൺ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഈ മത്സരത്തിൽ മത്സരം മാറ്റിമറിക്കുന്നത് ഒരു സ്പിന്നറായിരുക്കുമെന്ന് എനിക്കറിയാമായിരുന്നു. ആ ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. ” രാഹുൽ ചഹാർ പറഞ്ഞു.

( Picture Source : Twitter / Bcci )

” മാനസികമായി മത്സരത്തിൽ ഞങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്നു. രാഹുൽ ത്രിപാഠിയ്ക്കെതിരെ ബൗൾ ചെയ്യുമ്പോൾ പോലും സ്ലിപ്പ് ഫീൽഡർ ഉണ്ടായിരുന്നു, മോർഗൻ ബാറ്റ് ചെയ്തപ്പോൾ പോലും സ്ലിപ്പിനെയും ലെഗ് സ്ലിപ്പിനെയും നിർത്തി അറ്റാക്ക് ചെയ്താണ് ഞങ്ങൾ കളിച്ചത്. ” രാഹുൽ ചഹാർ കൂട്ടിച്ചേർത്തു.

” കഴിഞ്ഞ 2-3 സീസണുകളായി ഞാൻ ഐ പി എല്ലിൽ കളിക്കുന്നുണ്ട്, അതുകൊണ്ട് ഗില്ലിനെ പുറത്താക്കാൻ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതിനൊപ്പം തന്നെ അണ്ടർ 19 മുതൽ എനിക്കവനെ അറിയാം. അതുകൊണ്ട് തന്നെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എന്റെ ശക്തി വേഗത്തിൽ ടേൺ ചെയ്യുകയെന്നതാണ്. ത്രിപാഠിയുടേതാണ് ഈ മത്സരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിക്കറ്റ്. റാണയെ എങ്ങനെ പുറത്താക്കാമെന്നും എനിക്ക് നിശ്ചയമുണ്ടായിരുന്നു. ” ചഹാർ പറഞ്ഞു.

( Picture Source : Twitter / Bcci )

മത്സരത്തിലെ വിജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. നേരത്തെ സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് മുംബൈ ഇന്ത്യൻസ് പരാജയപെട്ടിരുന്നു. ഏപ്രിൽ 17 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതുരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )