Skip to content

ബൗളർമാരെ കുറ്റപെടുത്താനാകില്ല, സഞ്ജുവിനെ പന്തെറിയുന്നത് ദുഷ്കരം ; കെ എൽ രാഹുൽ

ഐ പി എല്ലിലെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മത്സരത്തിൽ 63 പന്തിൽ 119 റൺസ് നേടി സഞ്ജു ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും നാല് റൺസിന് പഞ്ചാബ് കിങ്‌സ് വിജയം നേടിയിരുന്നു.

( Picture Source : Twitter / Bcci )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 50 പന്തിൽ 90 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും 28 പന്തിൽ 64 റൺസ് നേടിയ ദീപക് ഹൂഡയുടെയും 28 പന്തിൽ 40 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെയും മികവിലാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 221 റൺസ് നേടിയത്. 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ റോയൽസിന് വേണ്ടി 63 പന്തിൽ 12 ഫോറും 7 സിക്സുമടക്കം 119 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 217 റൺസ് നേടാനെ രാജസ്ഥാൻ റോയൽസിന് സാധിച്ചുള്ളു.

( Picture Source : Twitter / Bcci )

” ഹൃദയമിടിപ്പ് വളരെ ഉയർന്നിരുന്നു, എന്നാൽ വിജയിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഒന്നോ രണ്ടോ വിക്കറ്റുകൾ നേടിയാൽ മത്സരത്തിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആദ്യ പത്തോ പതിനൊന്നോ ഓവർ വരെ ഞങ്ങൾ നന്നായി പന്തെറിഞ്ഞു. ഞാനടക്കം എളുപ്പമുള്ള ക്യാച്ചുകൾ പാഴാക്കി. ഒരു ബൗളിങ് യൂണിറ്റെന്ന നിലയിൽ പ്ലാനുകൾ അനുസരിച്ച് തന്നെയാണ് ഞങ്ങൾ പന്തെറിഞ്ഞത്. എന്നാൽ സഞ്ജുവിനെതിരെ ബൗൾ ചെയ്യുകയെന്നത് എളുപ്പമല്ല. കഴിഞ്ഞ സീസണിലെ മത്സരത്തെ കുറിച്ച് ഞങ്ങൾ ആലോചിച്ചിരുന്നില്ല. ” കെ എൽ രാഹുൽ പറഞ്ഞു.

( Picture Source : Twitter / Bcci )

” സീസണിൽ വിജയത്തോടെ തുടങ്ങാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ചില തെറ്റുകളും ഞങ്ങൾ വരുത്തി. ചില ഘട്ടങ്ങളിൽ നന്നായി പന്തെറിഞ്ഞു. മത്സരത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ അവർ പഠിക്കും, ഞങ്ങളുടേത് യുവ ടീമാണ്. ചിലർ പുതുമുഖങ്ങളാണ്, മികച്ച കഴിവുള്ളവരാണവർ. അതുകൊണ്ട് അവരെ പിന്തുണയ്ക്കേണ്ടതുണ്ട്. ദീപക് ഹൂഡയുടെ ഇന്നിങ്‌സ് അവിസ്മരണീയമായിരുന്നു. അത്തരത്തിലുള്ള ബാറ്റിങാണ് ടീമെന്ന നിലയിൽ ഞങ്ങൾക്ക് വേണ്ടത്. ഭയമില്ലാതെ ബാറ്റ് ചെയ്ത് എതിർ ടീം ബൗളർമാരെ സമ്മർദ്ദത്തിലാക്കേണ്ടതുണ്ട്. ” കെ എൽ രാഹുൽ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

” ശക്തമായ ബാറ്റിങ് ലൈനപ്പ് ഞങ്ങൾക്കുണ്ട്. ആക്രമണശൈലിയാണ് ഞങ്ങളുടെ ടീമിന് യോജിക്കുന്നത്. ബാറ്റ്‌സ്മാന്മാർ അത്‌ മനസ്സിലാക്കിയതിൽ സന്തോഷമുണ്ട്. ഹൂഡയും ഗെയ്ലും നന്നായി ബാറ്റ് ചെയ്തു. കഴിഞ്ഞ സീസണിലും നിർണായക ഓവറുകൾ ഞാൻ അർഷ്ദീപ് സിങിന് നൽകിയിരുന്നു. നിർണായക ഓവറുകൾ എറിയുന്നതിൽ അവൻ സന്തോഷവാനാണ്. ” കെ എൽ രാഹുൽ പറഞ്ഞു.

( Picture Source : Twitter / Bcci )