Skip to content

സഞ്ജുവിന് അഹങ്കാരം! ഓടാൻ വിസമ്മതിച്ച സംഭവത്തിൽ വിമർശനവുമായി ഒരു കൂട്ടർ ; ക്രിക്കറ്റ് ലോകത്ത് ചൂടൻ ചർച്ചാവിഷയമായി സഞ്ജുവിന്റെ ‘ആത്മവിശ്വാസം’ ; പിന്തുണയുമായി ലാറ രംഗത്ത്

ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഉജ്ജ്വലമായ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് നാല് റണ്‍സ് ജയം. 222 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജു രാജസ്ഥാനായി സെഞ്ചുറി കുറിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇടവേളകളിലായി വിക്കറ്റ് നിരന്തരമായി വീണതോടെ വിജയപ്രതീക്ഷ മങ്ങിയ മത്സരത്തിലാണ് ക്യാപ്റ്റൻ സഞ്ജു സാംസണ് ഒറ്റയാൾ പോരാട്ടത്തിൽ അവസാന പന്ത് വരെ പ്രതീക്ഷ സമ്മാനിച്ചത്. 63 പന്തുകളില്‍ 12 ബൗണ്ടറികളുടേയും 7 സിക്സറുകളുടേയും അകമ്ബടിയിലാണ് സഞ്ജു 119 റണ്‍സ് നേടിയത്. എന്നാൽ 2 പന്തിൽ 5 റൺസ് വേണമെന്ന ഘട്ടത്തിൽ ഓടാൻ വിസമ്മതിച്ച് സ്‌ട്രൈക് നിലനിർത്തിയ സഞ്ജുവിന്റെ മനോഭാവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്.

നോൺ സ്‌ട്രൈകിൽ ഈ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളും വെടിക്കെട്ട് താരവുമായ സൗത്ത് ആഫ്രിക്കയുടെ മോറിസ് നില്‍ക്കുമ്ബോഴായിരുന്നു സഞ്ജു സ്ട്രൈക്ക് കൈമാറാതെ നിന്നത്. എന്നാൽ അതുവരെ മോറിസ് നേരിട്ട 4 പന്തിൽ 2 റൺസാണ് നേടിയത്. ഇതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സഞ്ജുവിനെ നയിച്ചത്.

സിംഗിൾ നിഷേധിച്ചതിന് പിന്നാലെ ഡഗ് ഔട്ടിൽ നിന്നുള്ള കാഴ്ച്ച

സഞ്ജുവിന്റെ ആത്മവിശ്വാസം അനാവശ്യമായിരുന്നുവെന്നും അത് സിംഗിൾ എടുത്തിരുന്നുവെങ്കിൽ മോറിസ് ഒരുപക്ഷേ അവസാന പന്തിൽ ഫോർ കണ്ടെത്തുമായിരുന്നുവെന്നും ഒരു കൂട്ടർ സോഷ്യൽ വാദവുമായി രംഗത്തെത്തി. അതേസമയം ഇതിഹാസം താരം ബ്രയാൻ ലാറ ഉൾപ്പെടെയുള്ളവർ സഞ്ജുവിന് പിന്തുണ നൽകി രംഗത്തെത്തിയിട്ടുണ്ട്.

” ഞാൻ ഇപ്പോൾ കണ്ടത് എനിക്ക് വിശ്വസിക്കാനാകില്ല, സഞ്ജു സാംസണ് സിംഗിൾ നേടാനുള്ള ശ്രമം വേണ്ടെന്ന് വെച്ചിരിക്കുവാണ്. കുറഞ്ഞത് വിജയിക്കാനായി ഫോർ നേടാൻ മോറിസിന് സാധിക്കുമായിരുന്നു.” കമെന്ററിക്കിടെ മുൻ ന്യുസിലാൻറ് താരം സൈമൺ ഡൾ പറഞ്ഞു. ഉടനെ അതിന് മറുപടിയുമായി കമെന്ററി ബോക്‌സിൽ ഉണ്ടായിരുന്ന സുനിൽ ഗവാസ്കറും രംഗത്തെത്തി, “അവൻ കഴിയുമായിരുന്നു പക്ഷെ ഇതുവരെ ചെയ്തില്ലല്ലോ? അദ്ദേഹത്തിന്റെ സ്‌ട്രൈക് റേറ്റ് ഇപ്പോൾ 50ആണ്. നേരിട്ട 4 പന്തിൽ 2 സിംഗിൾ നേടാൻ മാത്രമാണ് മോറിസിന് സാധിച്ചത്.”

സഞ്ജുവിന് പിന്തുണയുമായി എത്തിയ ലാറയുടെ പ്രതികരണം ഇങ്ങനെയായിരുന്നു…
” അവിടെ ഒരാള്‍ ബൗണ്ടറി നേടണം എങ്കില്‍ അത് സഞ്ജു തന്നെയാവണം. രണ്ടാമത്തെ റണ്ണിനായി സഞ്ജു ഓടിയിരുന്നു എങ്കില്‍ സഞ്ജു റണ്‍ഔട്ടാവാന്‍ സാധ്യതയുണ്ടായി. സഞ്ജു അവിടെ ചെയ്തത് ശരിയായ കാര്യമാണെന്നാണ് തോന്നിയത്. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല, അവസാന ഓവറിലെ സിംഗിള്‍ നിഷേധിച്ചതിന്റെ പേരില്‍ സഞ്ജുവിന് നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ ഞാന്‍ തയ്യാറല്ല “