Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 54 പന്തിൽ നിന്നാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. സഞ്ജുവിന്റെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ രാജസ്ഥാന് സാധിച്ചില്ല.

( Picture Source : Twitter / Bcci )

അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ 4 റൺസിനാണ് പഞ്ചാബ് കിങ്‌സ് വിജയിച്ചത്. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 217 റൺസ് നേടാനെ സാധിച്ചുള്ളു. 63 പന്തിൽ 12 ഫോറും 7 സിക്സുമടക്കം 119 റൺസ് നേടിയ സഞ്ജു അവസാന പന്തിൽ 5 റൺ വേണമെന്നിരിക്കെ പന്ത്‌ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 പന്തിൽ 91 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 28 പന്തിൽ 64 റൺസ് നേടിയ ദീപക് ഹൂഡ, 28 പന്തിൽ 40 റൺസ് നേടിയ ക്രിസ് ഗെയ്ൽ എന്നിവരുടെ മികവിലാണ് കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്.

( Picture Source : Twitter / Bcci )

മത്സരത്തിലെ സെഞ്ചുറിയോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കി. ഇതുവരെയും ഒരു ബാറ്റ്‌സ്മാനും ഐ പി എല്ലിലെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല.

( Picture Source : Twitter / Bcci )

2018 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്കനെതിരായ മത്സരത്തിൽ 40 പന്തിൽ പുറത്താകാതെ 93 റൺസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇതിനു മുൻപ് ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയിരുന്നത്.

( Picture Source : Twitter / Bcci )

കൂടാതെ മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 2,000 റൺസ് സഞ്ജു പൂർത്തിയാക്കി. രാജസ്ഥാൻ റോയൽസിന് വേണ്ടി 2,000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസൺ. അജിങ്ക്യ രഹാനെ ( 2810 റൺസ് ), ഷെയ്ൻ വാട്സൻ (2372 റൺസ് ) എന്നിവരാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി 2,000 റൺസ് നേടിയിട്ടുള്ള മറ്റു ബാറ്റ്‌സ്മാന്മാർ.

( Picture Source : Twitter / Bcci )