Skip to content

അത് സിക്സാകുമെന്നാണ് പ്രതീക്ഷിച്ചത്, അതിൽ കൂടുതലൊന്നും തനിക്ക് ചെയ്യാനാകില്ല , പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് സഞ്ജു സാംസൺ

ക്യാപ്റ്റനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേഡിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ സഞ്ജുവിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ മികവിലും വിജയം നേടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 217 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 63 പന്തിൽ 12 ഫോറും 7 സിക്സുമടക്കം 119 റൺസ് നേടിയ സഞ്ജു അവസാന ഓവറിലെ അവസാന പന്തിൽ 5 റൺ വേണമെന്നിരിക്കെ ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. സഞ്ജുവിന് മികച്ച പിന്തുണ നൽകാൻ ടീമിലെ മറ്റാർക്കും സാധിച്ചിരുന്നില്ല. 13 പന്തിൽ 25 റൺസ് നേടിയ ബട്ട്ലറും, 11 പന്തിൽ 25 റൺസ് നേടിയ റിയാൻ പരാഗുമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

( Picture Source : Twitter / Bcci )

” എനിക്ക് പറയാൻ വാക്കുകളില്ല, ആവേശം നിറഞ്ഞ മത്സരം, വിജയത്തിന് അടുത്തെത്തിയെങ്കിലും വിജയിക്കാൻ നിർഭാഗ്യവശാൽ ഞങ്ങൾക്ക് സാധിച്ചില്ല. അത് സിക്സാകുമെന്നാണ് ഞാൻ കരുതിയത്, പന്ത്‌ നന്നായി ടൈം ചെയ്തു, എന്നാൽ നിർഭാഗ്യവശാൽ ഡീപ് ഫീൽഡറെ മറികടക്കാൻ സാധിച്ചില്ല, അതിൽ അധികമായി എനിക്കൊന്നും ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നില്ല. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ” സഞ്ജു സാംസൺ പറഞ്ഞു.

( Picture Source : Twitter / Bcci )

” ഈ ഇന്നിങ്സിലെ രണ്ടാം പാദമായിരിക്കും ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനം. സമയമെടുത്ത് ബൗളർമാരെ ബഹുമാനിച്ചാണ് ഞാൻ രണ്ടാം ഭാഗത്തിൽ ബാറ്റ് ചെയ്തത്. തുടക്കത്തിൽ എനിക്ക് നന്നായി ടൈം ചെയ്യാൻ സാധിച്ചിരുന്നില്ല, സിംഗിളുകൾ നേടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്താണ് ഞാനെന്റെ താളം കണ്ടെത്തിയത്, പിന്നീട് എന്റെ ഷോട്ടുകൾ കളിക്കുകയും ചെയ്തു. എന്റെ ഷോട്ടുകൾ ഞാൻ ആസ്വദിക്കുന്നുണ്ട്. ആ സിക്സുകൾ സ്വാഭാവികമായി സംഭവിക്കുന്നതാണ്, എന്റെ സോണിലാണെങ്കിൽ ഞാൻ പന്തിൽ ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു, ചിലപ്പോൾ എനിക്ക് വിക്കറ്റും നഷ്ടപെടാറുണ്ട്. എന്തുതന്നെയായാലും ആ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് ഞാൻ ഇഷ്ട്ടപെടുന്നത്. ദീർഘനേരം ബാറ്റ് ചെയ്യാൻ സ്വയം വിശ്വസിക്കേണ്ടതുണ്ട്. ഞാൻ അധികമായി ഒന്നും തന്നെ ചെയ്‌തില്ല, എന്റെ ശരീരമല്ല മനസ്സാണ് കളിച്ചത്. ” സഞ്ജു കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

ഐ പി എല്ലിലെ സഞ്ജുവിന്റെ മൂന്നാം സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ ഐ പി എല്ലിൽ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും സഞ്ജു സ്വന്തമാക്കി.

( Picture Source : Twitter / Bcci )