Skip to content

രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത് തന്റെ പിഴവുകൊണ്ടാണെന്ന് ഓപ്പണിങ് ബാറ്റ്‌സ്മാൻ ക്രിസ് ലിൻ. മത്സരത്തിൽ 15 പന്തിൽ ഒരു സിക്സും ഒരു ഫോറുമടക്കം 19 റൺസ് നേടി മികച്ച ഫോമിൽ തുടരവെയാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവ് മൂലം രോഹിത് ശർമ്മ റണ്ണൗട്ടായത്.

( Picture Source : Twitter / Bcci )

മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള ക്രിസ് ലിന്നിന്റെ ആദ്യ മത്സരമാണിത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്ക് ക്വാറന്റീനിലായതിനാലാണ് മത്സരത്തിൽ ക്രിസ് ലിന്നിന് അവസരം ലഭിച്ചത്. 35 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 49 റൺസ് നേടിയാണ് ക്രിസ് ലിൻ പുറത്തായത്.

( Picture Source : Twitter / Bcci )

” തീർച്ചയായും ഞാനൽപ്പം സമ്മർദത്തിലായിരുന്നു. മുംബൈ ഇന്ത്യൻസിന് വേണ്ടിയുളള എന്റെ ആദ്യ മത്സരമാണിത് അതുകൂടാതെ ഇതാദ്യമായാണ് ഞാൻ രോഹിത് ശർമ്മയ്ക്കൊപ്പം ബാറ്റ് ചെയ്യുന്നത്. ഇത് ക്രിക്കറ്റിൽ സ്വഭാവികമാണ്. അവിടെ റൺസ് നേടാൻ സാധിക്കുമെന്ന് ഞാൻ കരുതി, എന്നാലതിന് സാധിച്ചില്ല. അവനെ മറികടന്ന് എന്റെ വിക്കറ്റ് നഷ്ട്ടപെടുത്താൻ സാധിക്കുമായിരുന്നെങ്കിൽ ഞാനത് തീർച്ചയായും ചെയ്യുമായിരുന്നു. എന്നാൽ അവിടെ അതിന് അവസരമുണ്ടായിരുന്നില്ല.” ക്രിസ് ലിൻ പറഞ്ഞു.

( Picture Source : Twitter / Bcci )

” ഞാൻ പറഞ്ഞതുപോലെ ഇത് സംഭവിക്കാവുന്നതാണ്. എന്റെ മേൽ ഞാൻ സമ്മർദ്ദം ചെലുത്തി. ആദ്യ മത്സരത്തിൽ ക്യാപ്റ്റനെ റണ്ണൗട്ടാക്കുക, ഇതൊരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഒരുപക്ഷെ എന്റെ ആദ്യ മത്സരം അവസാനത്തേതായിരിക്കാം !! എന്തായാലും അതൊരു നിമിഷനേരത്തെ പിഴവായിരുന്നു, ക്രിക്കറ്റിൽ ഇത് സംഭവിക്കാവുന്നതാണ്. മികച്ച രീതിയിലാണ് അവൻ ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. ആ പിഴവ് സംഭവിക്കാതിരുന്നെങ്കിൽ അവൻ മത്സരത്തിൽ മാറ്റം വരുത്തിയേനെ. എന്നാൽ ആ റണ്ണൗട്ട് മാത്രമല്ല മറ്റു പല ഘടകങ്ങളും മത്സരത്തിൽ നിർണായകമായി ” ക്രിസ് ലിൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 2 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. ഇത് തുടർച്ചയായ ഒമ്പതാം സീസണിലാണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപെടുന്നത്. ഏപ്രിൽ 13 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇതേ വേദിയിലാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )