Skip to content

ഫീൽഡിങ്ങിൽ കേമൻ, എന്നാൽ ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നതിൽ മുമ്പിൽ ; അനാവശ്യ റെക്കോർഡ് സ്വന്തമാക്കി കോഹ്ലി

പതിനാലാം സീസണിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂരും മുംബൈയും തമ്മില്‍ നടന്ന ആവേശ പോരാട്ടത്തില്‍ വിജയം കൊയ്ത് വിരാട് കോഹ്‌ലിയും സംഘവും. അവസാന പന്തു വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തിൽ കണ്ടത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രണ്ട് വിക്കറ്റ് ബാക്കി നിര്‍ത്തിയാണ് ബാംഗ്ലൂർ മറികടന്നത്.

27 പന്തില്‍ 48 റണ്‍സ് നേടിയ എ ബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്ങാണ് ബാംഗ്ലൂരിനെ വിജയത്തിന് അടുത്ത് വരെ എത്തിച്ചത്. അവസാന ഓവറില്‍ ഡിവില്ലിയേഴ്സ് റണ്ണൗട്ടായെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ (4*) ടീമിനെ വിജയത്തിലെത്തിച്ചു. ബോളിങ്ങില്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബുംറയും അരങ്ങേറ്റക്കാരന്‍ മാര്‍ക്കോ ജാന്‍സനും മുംബൈക്കായി തിളങ്ങി.

സമീപകാലത്തായി ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നവരിൽ പരിചിത മുഖമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റനും ആർസിബി ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി. അസാധ്യം എന്ന് കരുതുന്ന തകർപ്പൻ ക്യാച്ചുകൾ എടുത്ത് ആരാധകരെ അമ്പരപ്പിക്കുമ്പോഴും എളുപ്പത്തിൽ ലഭിക്കുന്ന ക്യാച്ചുകൾ ഡ്രോപ്പ് ചെയ്യുന്ന കോഹ്ലിയെയാണ് കളിക്കളത്തിൽ കാണുന്നത്. മുംബൈക്കെതിരായ ആദ്യ മത്സരത്തിലും ക്യാച്ച് പാഴാക്കിയിരിക്കുകയാണ് കോഹ്ലി.

മുംബൈ ഇന്ത്യൻസിന്റെ ഇന്നിങ്സിൽ ജാമീസൻ എറിഞ്ഞ 19ആം ഓവറിലെ ആദ്യ പന്തിലാണ് ക്രുനാൽ പാണ്ഡ്യയുടെ ക്യാച്ച് ഡ്രോപ്പ് ചെയ്തത്. ഈ സീസൺ ഉൾപ്പെടെ കഴിഞ്ഞ 3 സീസണിലായി ഏറ്റവും കൂടുതൽ ക്യാച്ച് ഡ്രോപ്പ് ചെയ്തെന്ന അനാവശ്യ റെക്കോർഡ് കോഹ്ലിയുടെ പേരിലാണ്. 7 ക്യാച്ചുകളാണ് ഇക്കാലയളവിൽ പാഴാക്കിയത്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയും ഈ മത്സരത്തിൽ ക്യാച്ച് നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്. ഓപ്പണിങ്ങിൽ ഇറങ്ങിയ വാഷിങ്ടൺ സുന്ദറിന്റെ ക്യാച്ചാണ് ആദ്യ ഓവറിൽ വിട്ടുകളഞ്ഞത്. ഒരു ക്യാച്ച് നഷ്ട്ടപ്പെടുത്തിയാൽ മത്സരം തന്നെ നഷ്ട്ടപ്പെടുത്തി എന്നു പറയാറുള്ള കോഹ്ലി ഇക്കാര്യത്തിൽ മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.