Skip to content

ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരം എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയായതിന്റെ ആവേശം പങ്കുവെച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷാബ് പന്ത്. ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ ക്യാപ്റ്റനായി നിയമിച്ചത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ശ്രേയസ് അയ്യർക്ക് തോളിന് പരിക്ക് പറ്റിയത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ഇക്കുറിയും കന്നികിരീടം ലക്ഷ്യം വെച്ചാണ് പോരാട്ടത്തിനിനിറങ്ങുന്നത്.

” ക്യാപ്റ്റനായുള്ള എന്റെ ആദ്യ മത്സരം മഹിഭായിക്കെതിരെയാണ്. ഇത് എനിക്ക് വലിയ എക്സ്പീരിയൻസായിരിക്കും. അദ്ദേഹത്തിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഒപ്പം പ്ലേയറെന്ന നിലയിൽ എനിക്കും എന്റേതായ എക്സ്പീരിയൻസുണ്ട്. എന്റെ എക്സ്പീരിയൻസും അദ്ദേഹത്തിൽ നിന്നും പഠിച്ച കാര്യങ്ങളും ഉപയോഗിച്ചായിരിക്കും ചെന്നൈ സൂപ്പർ കിങ്സിനെ ഞാൻ നേരിടുക. ” റിഷാബ് പന്ത് പറഞ്ഞു.

” ഡൽഹിയുടെ ക്യാപ്റ്റനാകാൻ അവസരം നൽകിയ പരിശീലകരോടും ഉടമസ്ഥരോടും ഞാൻ നന്ദി പറയുന്നു. ഈ അവസരം ഞാൻ പരമാവധി പ്രയോജനപെടുത്തും. ഇതുവരെ കിരീടം നേടുവാൻ നമുക്ക് സാധിച്ചിട്ടില്ല. ഈ വർഷം ടീമിനെ കിരീടനേട്ടത്തിലെത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ടീമെന്ന നിലയിൽ മികച്ച പ്രകടനമാണ് നമ്മൾ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ശരിയായി പോകുന്നുമുണ്ട്. എല്ലാവരും അവരുടെ 100% ടീമിന് വേണ്ടി നൽകുന്നു. ഈ ടീമിന്റെ ചുറ്റുപാടിൽ ഞാൻ സന്തോഷവാനാണ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ വേണ്ടതും ഇതുതന്നെയാണ്. ” റിഷാബ് പന്ത് കൂട്ടിച്ചേർത്തു.

” കഴിഞ്ഞ മൂന്ന് വർഷമായി റിക്കി പോണ്ടിങ് മികച്ച ജോലിയാണ് നിർവഹിക്കുന്നത്. ടീമിന് വലിയ എനർജി അദ്ദേഹം നൽകുന്നു. അദ്ദേഹത്തിൽ നിന്നും ഒരു പ്ലേയറെന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇക്കുറി പോണ്ടിങിന്റെയും മുഴുവൻ ടീമിന്റെയും സഹായത്താൽ ആ അതിർത്തി മറികടക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ” റിഷാബ് പന്ത് പറഞ്ഞു.