Skip to content

രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

ഐ പി എൽ പതിനാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതീക്ഷകൾ പങ്കിട്ട് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും കൂടിയായ സഞ്ജു വി സാംസൺ. രാജസ്ഥാൻ റോയൽസ് ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും ഈ സീസണിൽ ഒരുപാട് പ്രതീക്ഷകളുണ്ടെന്നും വ്യക്തമാക്കിയ സഞ്ജു ക്യാപ്റ്റനായുള്ള തന്റെ പദ്ധതികളും പങ്കുവെച്ചു.

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായാണ് രാജസ്ഥാൻ റോയൽസ് ഫിനിഷ് ചെയ്തത്. തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയ രാജസ്ഥാൻ സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുകയായിരുന്നു. താരലേലത്തിൽ സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസിനെ 16.25 കോടിയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു.

” കഴിഞ്ഞ സീസണിൽ ഒരുപാട് തെറ്റുകൾ ഞങ്ങൾ ചെയ്തതായി ഞാൻ കരുതുന്നില്ല. ഞങ്ങളുടെ ഇലവൻ നോക്കുകയാണെങ്കിൽ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ മികച്ച ക്രിക്കറ്റ് കാഴ്ച്ചവെയ്ക്കണമെന്ന് മാത്രമാണ് ഞാൻ എല്ലാവരോടും ആവശ്യപെടുന്നത്. ടീമെന്ന നിലയിൽ ശരിയായ മാനസികാവസ്ഥയിലാണെങ്കിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നാണ് ഞാൻ കരുതുന്നത്. ബാറ്റിങിലും ബൗളിങിലും ഫീൽഡിങിലും ഈ ഫോർമാറ്റിൽ ഭയമില്ലാതെ കളിക്കണം, വേഗതയും ശക്തിയും ഈ ഫോർമാറ്റിൽ നിർണായകമാണ്. എന്റെ ടീമിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നതും അതാണ്. ” സഞ്ജു പറഞ്ഞു.

” ക്യാപ്റ്റൻസി ടീമിനോടുള്ള സർവീസാണ്. ഓരോ കളിക്കാർക്കും ശരിയായ രീതിയിലുള്ള ചുറ്റുപാട് ക്യാപ്റ്റൻ ഉറപ്പുവരുത്തുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യണം. ക്യാപ്റ്റൻസിയെന്നത് ഒരു തരത്തിൽ മാനേജ്‌മെന്റാണ്. കളിക്കാർക്ക് ശരിയായ ഉപദേശവും അവരെ മനസ്സിലാക്കുകയും വേണം. ടീം മാനേജ്‌മെന്റ് ഈ ജോലി എന്നെ ഏല്പിച്ചതിൽ എനിക്കേറെ ആത്മവിശ്വാസം തോന്നുന്നു. ” സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

” മികച്ച ടീമാണെങ്കിൽ മാത്രമേ ക്യാപ്റ്റനും മികച്ചതാകൂ. റോയൽസിൽ വലിയ കഴിവുള്ള താരങ്ങളാണുള്ളത്. അവരെ പിന്തുണയ്ക്കാൻ ശക്തരായ സപ്പോർട്ടിങ് സ്റ്റാഫ് റോയൽസിനുണ്ട്. അവരെ എനിക്ക് ഒരുപാട് വർഷങ്ങളായി അറിയാം, ഞങ്ങൾ ഒരു കുടുംബം പോലെയാണ്, എന്റെ കൗമാരകാലം മുതൽ ഞാൻ റോയൽസിനൊപ്പമുണ്ട്. ഒരു ടീമിന് വേണ്ടി ദീർഘനാൾ കളിക്കാൻ സാധിച്ചതും അവരുടെ ക്യാപ്റ്റനായതിലും ഞാൻ അഭിമാനിക്കുന്നു. ” സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.