Skip to content

കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഈ ഐ പി എൽ സീസണിൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 2016 സീസണിലെ ഫൈനലിസ്റ്റുകളായ ബാംഗ്ലൂർ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിലാണ് പ്ലേയോഫിന് യോഗ്യത നേടിയത്.

കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനക്കാരായാണ് കോഹ്ലിയും കൂട്ടരും ഫിനിഷ് ചെയ്തത്. എന്നാൽ കഴിഞ്ഞ 3-4 വർഷത്തിനിടയിലെ ആർ സി ബിയുടെ ഏറ്റവും മികച്ച ടീമായിരുന്നു കഴിഞ്ഞ സീസണിലേതെന്നും എന്നിട്ട് പോലും അവസാന മത്സരങ്ങളിൽ അവരുടെ വീര്യം ചോർന്നുപോയെന്നും ഇക്കുറി ആർ സി ബിയ്ക്ക് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കുകയില്ലെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ്‌ ചാനലിൽ പറഞ്ഞു.

” അവർ പ്ലേ ഓഫിൽ യോഗ്യത നേടില്ലെന്നാണ് ഞാൻ കരുതുന്നത്, കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടയിലെ അവരുടെ ഏറ്റവും മികച്ച ടീമായിരുന്നു കഴിഞ്ഞ സീസണിലേത്, എന്നിട്ടും അവസാന മത്സരങ്ങളിൽ അവരുടെ വീര്യം ഇല്ലാതായി. ഇക്കുറിയും അവർക്ക് മോശം തുടക്കമായിരിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഈ ടീമിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകും. ” ആകാശ് ചോപ്ര പറഞ്ഞു.

” ഈ സീസണിൽ വിരാട് കോഹ്ലിയായിരിക്കും ഓറഞ്ച് ക്യാപ് സ്വന്തമാക്കുക. അവനിപ്പോൾ മികച്ച ഫോമിലാണ് കൂടാതെ അവൻ സീസണിൽ ഓപ്പൺ ചെയ്യുന്നു. കോഹ്ലിയ്ക്കൊപ്പം കെ എൽ രാഹുലും റിഷാബ് പന്തും ഓറഞ്ച്‌ ക്യാപിനുള്ള പോരാട്ടത്തിനുണ്ടാകും ചിലപ്പോൾ ഡേവിഡ് വാർണറും. അവർ തമ്മിലുള്ള പോരാട്ടത്തിൽ വിരാട് കോഹ്ലിയായിരിക്കും വിജയിക്കുക, എന്നാൽ ടീം മികച്ച പ്രകടനം പുറത്തെടുത്തില്ലയെങ്കിൽ അവൻ ചിലപ്പോൾ പുറകിലായേക്കാം. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

” എട്ട് ടീമുകളിലെ ഓപ്പണിങ് ജോഡികളിൽ ഏറ്റവും ഉയർന്ന ശരാശരി കോഹ്ലിയ്ക്കും ദേവദത് പടിക്കലുമായിരിക്കും. അവരുടെ സ്‌ട്രൈക്ക് റേറ്റ് ഒരുപക്ഷേ കൂടുതലായിരിക്കില്ല, ആരോവറിൽ 60 റൺസൊന്നും നേടാനും അവർക്ക് സാധിച്ചേക്കില്ല, എന്നാൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കാൻ അവർക്ക് സാധിക്കും. ഈ സീസണിൽ ചഹാലായിരിക്കും ആർ സി ബിയ്ക്ക് വേണ്ടി കൂടുതൽ വിക്കറ്റുകൾ നേടുക ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.