CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഇത്തവണ കാണാൻ പോകുന്നത് ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യുന്ന കെഎൽ രാഹുലിനെയാകും ; വസിം ജാഫർ

യുഎഇയിൽ വെച്ച് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലായിരുന്നു. 14 മത്സരങ്ങളിൽ നിന്നായി 670 റൺസാണ് നേടിയത്. എന്നാൽ രാഹുലിന്റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. 129.35 സ്‌ട്രൈക് റേറ്റിലാണ് ഇത്രയും റൺസ് രാഹുൽ അടിച്ചു കൂട്ടിയത്.

ആക്രമണ ശൈലിയിൽ ബാറ്റ് വീശിയിരുന്ന ഓപ്പണർ എന്ന നിലയിൽ നിന്ന്, ആങ്കർ റോളിൽ കളിക്കുന്നതിലേക്ക് രാഹുൽ മാറി, പവർപ്ലേയിലെ അദ്ദേഹത്തിന്റെ പുതിയ മനോഭാവം ടീമിന്റെ തോൽവിയിലും കാരണമായിരുന്നു. ഇത് വഴി പ്ലേ ഓഫ് പോലും കാണാതെയാണ് പഞ്ചാബ് പുറത്തായത്.

മത്സരത്തിന് ശേഷമുള്ള ഒരു കോൺഫറൻസിനിടെ സ്‌ട്രൈക് റേറ്റ് ഓവർ റേറ്റഡാണെന്ന് പറഞ്ഞ് രാഹുൽ തന്റെ മാറിയ സമീപനത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം 9ന് ആരംഭിക്കുന്ന പുതിയ സീസണിൽ ഈ ബാറ്റിംഗ് സമീപനം രാഹുൽ മാറ്റുമെന്ന് വ്യക്തമാക്കി പഞ്ചാബിന്റെ ബാറ്റിംഗ് കോച്ച് വസിം ജാഫർ രംഗത്ത്.

” കഴിഞ്ഞ സീസണിൽ കെ‌എൽ അല്പം ഭീതിയോടെ ബാറ്റ് ചെയ്തു. അഞ്ചാം നമ്പറിന് ശേഷം മികച്ച ബാറ്റ്സ്മാൻ ഇല്ലാത്തതിനാലും ഗ്ലെൻ മാക്സ്വെൽ ഫോമിൽ അല്ലാത്തതുമാണ് ഇതിന് കാരണം. ക്രീസിൽ തുടരാനും ജോലി പൂർത്തിയാക്കാനും അദ്ദേഹം ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. ഇത്തവണ എല്ലാവരും ആക്രമണകാരിയായ കെ‌എൽ രാഹുലിനെ കാണുമെന്ന് ഉറപ്പാണ് ” വസിം ജാഫർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

” മോശം ടി20 പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ ഫോമിലേക്കുള്ള തിരിച്ചുവരവ് പഞ്ചാബിന് നല്ല സൂചനയാണ്. ടി20 സീരീസിൽ ബാറ്റിങ്ങിനലെ നാല് പരാജയങ്ങൾക്ക് അദ്ദേഹം ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനൊക്കെ ചുട്ടമറുപടി നൽകിയാണ് അദ്ദേഹം ഫോമിൽ തിരിച്ചെത്തിയത് ” ജാഫർ കൂട്ടിച്ചേർത്തു.

” കഴിഞ്ഞ വർഷത്തേക്കാൾ വളരെ സന്തുലിതമായ ടീമാണ് ഇപ്രാവശ്യത്തെത്. മുഹമ്മദ് ഷാമിയെ പിന്തുണയ്ക്കാൻ കഴിയുന്ന ബോളർമാർ കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് ഇല്ലായിരുന്നു. റിച്ചാർഡ്സണും റിലേ മെറെഡിത്തിലും എത്തിയതോടെ, വേഗത്തിൽ പന്തെറിയാൻ കഴിയുന്ന രണ്ട് പേസർമാരെ ഞങ്ങൾക്ക് ലഭിച്ചു ” ജാഫർ പറഞ്ഞു.