Skip to content

‘ അത് പതിവായി മാറിയിരിക്കുകയാണ്, രോഹിതിനും കോഹ്‌ലിക്കും സംഭവിച്ചത് ആശങ്കയുണ്ടാക്കുന്ന കാര്യം ‘ ; തുറന്ന് പറഞ്ഞ് വിവിഎസ് ലക്ഷ്മണ്

ഇംഗ്ലണ്ടിനെതിരായ 3 ഫോർമാറ്റിലെയും പരമ്പരയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയവരിൽ 532 റൺസുമായി കോഹ്ലി ഒന്നാമതും, 526 റൺസുമായി രോഹിത് മൂന്നാമതുമാണ്. രോഹിത് ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയപ്പോൾ, മോശം ഫോമിലൂടെ പോയി കൊണ്ടിരുന്ന കോഹ്ലി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ശക്തമായി തന്നെ തിരിച്ചു വന്നു.

എന്നാൽ ഇതിനിടെയിലും ഇവരുടെ ബാറ്റിങ്ങിൽ ആശങ്കപ്പെടാനുണ്ടെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണ്. ഞായറാഴ്ച നടന്ന അവസാന ഏകദിന മത്സരത്തിലെ ഇരുവരുടെയും സ്പിൻ ബോളിങ്ങിനെതിരെയുള്ള പുറത്തകലാണ് വിവിഎസ് ലക്ഷ്മണനെ ഇങ്ങനെയൊരു പരാമർശത്തിന് പ്രേരിപ്പിച്ചത്.

37 റൺസ് നേടി ക്രീസിൽ നിലയുറപ്പിച്ച രോഹിത് ശർമ്മ ആദിൽ റാഷിദിനെ ഗൂഗ്ലിയിൽ മറുപടിയില്ലാതെ പുറത്താവുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ കോഹ്ലി 7 റൺസിൽ നിൽക്കെ ഓഫ് സൈഡിലേക്ക് ഷോട്ട് കളിക്കുന്നതിനിടെ മൊയീൻ അലിയുടെ പന്തിൽ ബൗൾഡ് ആവുകയായിരുന്നു. സമീപകാലത്ത് സ്പിൻ ബോളർമാർക്ക് മുന്നിൽ കോഹ്ലി പതറുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്. കോഹ്ലിയെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയവരിൽ 9 വിക്കറ്റുമായി ആദിൽ റാഷിദും മൊയീൻ അലിയും രണ്ടാം സ്ഥാനത്താണ്.

” മൂന്നാം ഏകദിനത്തില്‍ കെഎല്‍ രാഹുല്‍ പുറത്തായത് നിര്‍ഭാഗ്യകരമായ രീതിയിലാണ്. പക്ഷെ കോലി, രോഹിത് എന്നിവര്‍ തങ്ങള്‍ പുറത്തായതിന്റെ റീപ്ലേ കണ്ടാല്‍ തീര്‍ച്ചയായും നിരാശപ്പെടും. സ്പിന്നര്‍മാര്‍ക്കെതിരേ രണ്ടും പേരും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നത് പതിവായിരിക്കുകയാണ്. റഷീദിന്റെ ഗൂഗ്ലി ശരിയായി മനസ്സിലാക്കാന്‍ രോഹിത്തിനു കഴിഞ്ഞില്ല. കോലിയാവട്ടെ ബോളിന്റെ ടേണിനെതിരേ ഓഫ് സൈഡിലേക്കു ഷോട്ടിനു ശ്രമിച്ചാണ് പുറത്തായത്. ”

” ഷോട്ടിനായി സ്വയം റൂം നല്‍കിയ അദ്ദേഹം അതു മിസ്സാവുകയും ഫലമായി ബൗള്‍ഡാവുകയും ചെയ്തു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരത്തേ സ്പിന്‍ ബൗളിങിനെതിരേ ഉജ്ജ്വലമായി കളിക്കുന്നവരായിരുന്നു. അതുകൊണ്ടു തന്നെ ടീമിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ കോലിയും രോഹിത്തും സ്പിന്നര്‍മാര്‍ക്കെതിരേ തുടര്‍ച്ചയായി പുറത്താവുന്നത് ഇന്ത്യയെ സംബന്ധിച്ച്‌ ആശങ്കാജനകമാണെന്ന് ” ലക്ഷ്മണ്‍ പറഞ്ഞു.