Skip to content

അവന്റെ പ്രകടനത്തിൽ ധോണിയുടെ നിഴലുണ്ട്, സാം കറനെ പ്രശംസിച്ച് ജോസ് ബട്ട്ലർ

ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ സാം കറന്റെ തകർപ്പൻ പ്രകടനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനുമായ എം എസ് ധോണിയുടെ നിഴലുണ്ടായിരുന്നുവെന്ന് ഇംഗ്ലണ്ട് സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മത്സരത്തിൽ ഇംഗ്ലണ്ട് 7 റൺസിന് പരാജയപെട്ടെങ്കിലും അവസാന ഓവർ വരെ സാം കറൻ ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയിരുന്നു.

( Picture Credit : Twitter/ Bcci )

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നിർണായക താരമാണ് ഈ ഇംഗ്ലണ്ട് യുവതാരം. കഴിഞ്ഞ സീസണിൽ 11 സീസണിൽ നിന്നും 186 റൺസ് നേടിയ കറൻ 14 വിക്കറ്റുകളും നേടിയിരുന്നു. സീസണിൽ ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും സാം കറനായിരുന്നു.

( Picture Credit : Twitter/ Bcci )

” ഈ ഇന്നിങ്സിനെ കുറിച്ച് അവൻ എം എസ് ധോണിയോട് സംസാരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ സാഹചര്യത്തിൽ എം എസ് ധോണിയായിരുന്നെങ്കിൽ ഇതേ രീതിയിലായിരിക്കും അദ്ദേഹവും മത്സരത്തെ സമീപിക്കുക. ധോണി എത്രത്തോളം വലിയ കളിക്കാരനാണെന്നും മികച്ച ഫിനിഷറാണെന്നും നമുക്കെല്ലാവർക്കുമറിയാം. അദ്ദേഹത്തെ പോലെ ഒരാൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടുന്നത് സാം കറന് കൂടുതൽ അറിവ് പകരും. ” ജോസ് ബട്ട്ലർ പറഞ്ഞു.

മത്സരത്തിൽ 56 പന്തിൽ 67 റൺസ് നേടിയ ശിഖാർ ധവാൻ, 62 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്ത്, 44 പന്തിൽ 64 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് ഇന്ത്യ 330 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയത്. മറുപടി ബാറ്റിങിൽ 83 പന്തിൽ പുറത്താകാതെ 95 റൺസ് നേടിയ സാം കറനും 50 പന്തിൽ 50 റൺസ് നേടിയ ഡേവിഡ് മലാനും മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ നാല് വിക്കറ്റും ഭുവനേശ്വർ കുമാർ 3 വിക്കറ്റും നേടി.

( Picture Credit : Twitter/ Bcci )

” ഈ വിജയലക്ഷ്യം മറികടക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ നിശ്ചിത ഇടവേളകളിൽ ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപെട്ടു. ആവശ്യമമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. റൺ റേറ്റ് ഒരിക്കലും പ്രശ്നമായിരുന്നില്ല, എന്നാൽ വിക്കറ്റുകൾ നഷ്ടപെട്ടത് ഞങ്ങൾക്ക് തിരിച്ചടിയായി. ബൗളിങിലും ഞങ്ങൾ അച്ചടക്കം കാണിച്ചില്ല. എളുപ്പത്തിൽ ബൗണ്ടറികൾ കണ്ടെത്താൻ ഞങ്ങൾ അവരെ അനുവദിച്ചു. ചെറിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തിയെങ്കിൽ ഞങ്ങൾക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. ” ജോസ് ബട്ട്ലർ കൂട്ടിച്ചേർത്തു.

( Picture Credit : Twitter/ Bcci )