Skip to content

ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഓപ്പണർമാരായ ജേസൺ റോയും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് നൽകിയത്. രണ്ടാം ഏകദിനത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അപൂർവ്വ റെക്കോർഡും സ്വന്തമാക്കി.

( Picture Credit : Twitter / Bcci )

ഇംഗ്ലണ്ട് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ ജേസൺ റോയ് 52 പന്തിൽ 55 റൺസ് നേടി പുറത്തായപ്പോൾ തന്റെ ഏകദിന കരിയറിലെ പതിനൊന്നാം സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോ 112 പന്തിൽ 11 ഫോറും 7 സിക്സുമടക്കം 124 റൺസ് നേടിയാണ് പുറത്തായത്. ഇരുവർക്കും പുറമെ 52 പന്തിൽ 4 ഫോറും 10 സിക്സുമടക്കം 99 റൺസ് നേടിയ ബെൻ സ്റ്റോക്സും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്.

( Picture Credit : Twitter / Bcci )

മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്തതോടെ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി കൂട്ടുകെട്ട് നേടുന്ന രണ്ടാമത്തെ ഓപ്പണിങ് ജോഡിയെന്ന റെക്കോർഡ് ജേസൺ റോയും ജോണി ബെയർസ്റ്റോയും സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 135 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അതിനുമുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ 2019 ഏകദിന ലോകകപ്പ് മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 160 റൺസ് നേടിയിരുന്നു.

( Picture Credit : Twitter / Bcci )

ഓസ്‌ട്രേലിയൻ ഓപ്പണിങ് ജോഡികളായ ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനുമാണ് ആദ്യമായി ഇന്ത്യയ്ക്കെതിരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 2003 ൽ തുടർച്ചയായ മൂന്ന് ഏകദിനങ്ങളിലാണ് ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 100ൽ കൂടുതൽ റൺസ് കൂട്ടിച്ചേർത്തത്.

( Picture Credit : Twitter / Bcci )

ഏകദിന ക്രിക്കറ്റിൽ ഒരുമിച്ച് ഓപ്പൺ ചെയ്ത 43 ഇന്നിങ്സിൽ 13 ലും സെഞ്ചുറി കൂട്ടുകെട്ട് നേടാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ തവണ 100+ റൺസ് കൂട്ടിച്ചേർത്തവരുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇരുവരും. 21 തവണ ഓപ്പണിങ് കൂട്ടുകെട്ടിൽ 100+ റൺസ് നേടിയ സച്ചിൻ – ഗാംഗുലി ജോഡികളാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഈ പട്ടികയിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ളതാകട്ടെ റോയ് – ബെയർസ്റ്റോ കൂട്ടുകെട്ടിനാണ്. 60 ന് മുകളിലാണ് ഈ ഓപ്പണിങ് ജോഡികളുടെ ബാറ്റിങ് ശരാശരി.