Skip to content

കോഹ്‌ലിക്ക് ശേഷം ഇങ്ങനെയൊരു ഇന്നിംഗ്സ് ഒരു ഇന്ത്യൻ താരം കളിക്കുന്നത് ഇതാദ്യം ; വമ്പൻ നേട്ടത്തിൽ റിഷഭ് പന്ത്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ  6 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജോണി ബെയർസ്റ്റോയുടെയും ബെൻ സ്റ്റോക്‌സിന്റെയും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.

രണ്ടാം മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും
കെഎൽ രാഹുലിന്റെ ഫോമിലേക്കുള്ള തിരിച്ചു വരവും ഒരു വർഷത്തിന് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ റിഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവും ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള കാര്യങ്ങളാണ്.

ഇന്ത്യൻ ഇന്നിംഗ്സ് പതുക്കെ നീങ്ങികൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പന്ത് ക്രീസിലെത്തിയത്. പിന്നാലെ അതിവേഗത്തിൽ ഇന്ത്യയുടെ സ്‌കോർ ഉയർത്തുകയായിരുന്നു. 28 പന്തിൽ അർദ്ധ സെഞ്ചുറി പിന്നിട്ട പന്ത് പുറത്താകുമ്പോൾ 40 പന്തിൽ നിന്ന് 77 റൺസ് നേടിയിരുന്നു. അനായാസമായി സിക്സുകൾ പറത്തിയ പന്ത് ഈ ഇന്നിംഗ്‌സിൽ ഏഴെണ്ണം അടിച്ചിട്ടുണ്ട്, ഒപ്പം 3 ഫോറും.

തുടക്കം മുതൽ ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ റിഷഭ് പന്തിന് വമ്പൻ നേട്ടവും സ്വന്തമാക്കാനായി. ഇന്ത്യൻ താരങ്ങളിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സ്‌ട്രൈക് റേറ്റിൽ 50 റൺസിൽ കൂടുതൽ നേടുന്ന താരമെന്ന നേട്ടമാണ് യുവതാരം സ്വന്തം പേരിൽ കുറിച്ചത്. 192.50 സ്‌ട്രൈക് റേറ്റിലാണ് പന്ത് 77 റൺസ് നേടിയത്.

52 പന്തിൽ ഇന്ത്യയ്ക്ക് വേണ്ടി അതിവേഗ സെഞ്ചുറി നേടിയ കോഹ്‌ലിയുടെ ഇന്നിങ്സിലെ നേട്ടമാണ് പന്ത് ഇതോടെ മറികടന്നത്. 192.30 സ്‌ട്രൈക് റേറ്റിലായിരുന്നു കോഹ്‌ലിയുടെ ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്നിംഗ്സ്. ഈ ലിസ്റ്റിൽ മൂന്നാമത് കപിൽ ദേവും ( 189.47 – 72 റൺസ് ) നാലാമത് ഇന്ത്യയുടെ മുൻ വെടിക്കെട്ട് ഓപ്പണർ സെവാഗുമാണ് ( 185 – 74 റൺസ് )